വലിച്ചെറിഞ്ഞതെല്ലാം തിരിച്ച് കിട്ടിയല്ലോ അല്ലേ? തെരുവിൽ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് വീട്ടിൽ കൊണ്ടിട്ട് ബംഗളുരു കോർപ്പറേഷൻ
വ്യാഴാഴ്ച 190 വീടുകൾക്ക് മുമ്പിലാണ് മാലിന്യം തിരിച്ച് കൊണ്ടിട്ടത്
ബംഗളുരു: തെരുവിൽ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് വീട്ടിൽ കൊണ്ടിട്ട് ബംഗളുരു കോർപ്പറേഷൻ. മാലിന്യം റോഡിൽ വലിച്ചെറിഞ്ഞ 190 വീടുകൾക്ക് മുമ്പിലാണ് ബംഗളുരു സോളിഡ് വെയിസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് മാലിന്യം തിരിച്ച് കൊണ്ടിട്ടത്. മാലിന്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞവർക്കെതിരെ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. രണ്ടായിരം മുതൽ പതിനായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഒരൊറ്റ ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം രൂപ പിഴചുമത്തിയിട്ടുണ്ട്. 'കാസ സുരിസുവ ഹബ്ബ (മാലിന്യ നിക്ഷേപ ഉത്സവം)' എന്നാണ് ഈ നടപടിക്ക് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പേരിട്ടിരിക്കുന്നത്. 'ഗ്രേറ്റർ ബെംഗളൂരു ഏരിയ (ജിബിഎ)യിൽ വരുന്ന അഞ്ച് കോർപറേഷനുകളിൽ, വീടുതോറും മാലിന്യ ശേഖരണം നടത്തുന്നുണ്ട്. എന്നിട്ടും, ചില പൗരന്മാർ തെരുവിൽ മാലിന്യം വലിച്ചെറിയുകയാണ്. ഇത് നഗരത്തിന്റെ ശുചിത്വത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. തുടർച്ചയായി മാലിന്യം തള്ളുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും അധികൃതർ പറഞ്ഞു.