ഇംപീച്ച്മെന്റ് ചാടിക്കടന്ന് ജേക്കബ് സുമ

Update: 2017-02-18 09:18 GMT
Editor : admin
ഇംപീച്ച്മെന്റ് ചാടിക്കടന്ന് ജേക്കബ് സുമ

അസംബ്ലിയിലെ 233 അഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ഇംപീച്ച്മെന്റ് മറികടന്നത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇംപീച്ച്മെന്‍റ് മറികടന്നു. അസംബ്ലിയിലെ 233 അഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ഇംപീച്ച്മെന്റ് മറികടന്നത്. പ്രസിഡന്റിന്റെ അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണ് പാര്‍ട്ടി അംഗങ്ങളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പൊതു ഖജനാവില്‍ നിന്ന് വന്‍ തുക ചെലവഴിച്ച് സ്വകാര്യ വസതി മോടി പിടിപ്പിച്ചതിന് 1.6 കോടി ഡോളര്‍ സുമ തിരിച്ചടക്കണമെന്ന് ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇംപീച്ച്മെന്റ് എന്ന ആവശ്യവുമായി പ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ അസംബ്ലിയില്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ സുമ ഇംപീച്ച്മെന്റ് മറികടന്നു.

Advertising
Advertising

അസംബ്ലിയിലെ 233 അംഗങ്ങള്‍ ഇംപീച്ച്മെന്റിനെതിരെ വോട്ട് ചെയ്തപ്പോള്‍ 143 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാട്ടിക് അലയന്‍സാണ് ഇംപീച്ചമെന്റിനായുള്ള പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ഇന്നലെ നടന്ന ഇംപീച്ചമെന്റ് നടപടികളില്‍ നിന്ന് ജേക്കബ് സുമ വിട്ടുനിന്നു.
നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് സ്പീക്കര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ ഇംപീച്ച്മെന്റ് നടപടികള്‍ വൈകി. അഴിമതിക്കാരനാണെന്ന് വ്യക്തമായിട്ടും ജേക്കബ് സുമയെ പിന്തുണച്ചത് വഴി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഭരണാഘടനാ വിരുദ്ധമായി ജേക്കബ് സുമ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. അതേ സമയം ഇംപീച്ച്മെന്റ് മറികടന്നെങ്കിലും കോടതി ഉത്തരവ് സുമയുടെ രാഷ്ട്രീയ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷം രംഗത്തിറങ്ങിയാല്‍ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News