ട്രംപുമായി സമവായത്തില്‍ മുന്നോട്ടുപോകാന്‍ ഗള്‍ഫ്- അറബ് ഭരണകൂടങ്ങള്‍
പുതിയ ഭരണ സംവിധാനത്തിന്റെ പ്രമുഖരുമായി അനൗപചാരിക ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു.
പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പരമാവധി സമവായത്തിന്റെ രീതി സ്വീകരിക്കാന്‍ ഗള്‍ഫ്-അറബ് ഭരണാധികാരികള്‍ക്കിടയില്‍ ധാരണ. പുതിയ ഭരണ സംവിധാനത്തിന്റെ പ്രമുഖരുമായി അനൗപചാരിക ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു.
ജിസിസി, അറബ് ലീഗ്, ഒഐസി ഉള്‍പ്പെടെയുള്ള ഗള്‍ഫ്, അറബ്, മുസ്‍ലിം കൂട്ടായ്മകള്‍ക്കിടയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അമേരിക്കയുമായി പുലര്‍ത്തേണ്ട സഹകരണം സംബന്ധിച്ച് മൂന്ന് കൂട്ടായ്മകളും വ്യക്തത രൂപപ്പെടുത്താനുള്ള തിടുക്കത്തിലാണ്. പ്രധാന നേതാക്കളെല്ലാം തന്നെ യുഎസുമായി ഏറ്റുമുട്ടലിന്റെ മാര്‍ഗം ഉപേക്ഷിക്കണമെന്ന നിലപാടിലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ട്രംപിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചു കൊണ്ട് അറബ് ലോകത്തു നിന്നുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ വിഷയങ്ങളില്‍ യുഎസ് പിന്തുണ ഉറപ്പാക്കുക എന്നതാണ് മൂന്ന് കൂട്ടായ്മകളും പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത മാസം തന്നെ അറബ് ലീഗും ഒഐസിയും യോഗം ചേര്‍ന്ന് ട്രംപ് ഭരണകൂടത്തോടുള്ള പൊതുധാരണ രൂപപ്പെടുമെന്നാണ് സൂചന. ഐഎസ് വിരുദ്ധ പോരാട്ടം പൂര്‍ണതയിലെത്തണമെങ്കില്‍ യുഎസ് പിന്തുണ അനിവാര്യമാണെന്നും അറബ് കൂട്ടായ്മക്കറിയാം.
ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് അംഗരാജ്യങ്ങളുമായി ആശയവിനിമയം തുടരുന്നത്. മുസ്‍ലിം ഏതായാലും വംശീയ വിദ്വേഷത്തിന്റെ പേരില്‍ നേരത്തെ ട്രംപിനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തിയ രാഷ്ട്രങ്ങള്‍ പോലും അതിന്റെ പേരില്‍ യുഎസ് ബന്ധം തകരാന്‍ പാടില്ലെന്ന നിലപാടിലേക്ക് വന്നിരിക്കുകയാണ്.