കൊടുങ്കാറ്റിലും മഴയിലും ചൈനയില്‍ കനത്ത നാശം
ചരിത്രപ്രധാന്യമുള്ള പല പ്രദേശങ്ങളിലും കനത്ത നാശ നഷ്ടങ്ങളാണുണ്ടായത്. 1662ല്‍ പണികഴിപ്പിച്ച മിലിറ്ററി ഹെഡ‍്ക്വാട്ടേര്‍സ് തകര്‍ന്നു
കഴിഞ്ഞ ദിവസം ആഞ്ഞടിച്ച മെറാന്റി കൊടുങ്കാറ്റിലും കനത്ത മഴയിലും ചൈനയില്‍ വന്‍ നാശനഷ്ടം. തെക്കന്‍ ചൈനയിലെ പല പുരാതന കേന്ദ്രങ്ങള്‍ക്കും വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.
തെക്കന്‍ ചൈനയിലെ കിന്‍മെനിലായിരുന്നു കഴിഞ്ഞ ദിവസം ശക്തമായ മഴയും കൊടുങ്കാറ്റും. ചരിത്രപ്രധാന്യമുള്ള പല പ്രദേശങ്ങളിലും കനത്ത നാശ നഷ്ടങ്ങളാണുണ്ടായത്. 1662ല്‍ പണികഴിപ്പിച്ച മിലിറ്ററി ഹെഡ‍്ക്വാട്ടേര്‍സ് തകര്‍ന്നു. 400 വര്‍ഷം പ്രായമുള്ള പേരാല്‍ കടപുഴകി വീണാണ് ഹെഡ്ക്വാര്‍ട്ടേര്‍സ് തകര്‍ന്നത്. ക്വിങ് രാജവംശകാലത്ത് പണികഴിപ്പിച്ച മിലിറ്ററി ഹെഡ്ക്വാര്‍ട്ടേഴ്സ് സംരക്ഷിത ചരിത്ര സ്മാരകവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായിരുന്നു.
ക്വീന്‍ ഓഫ് ഹെവന്‍ ക്ഷേത്രത്തിന്റെ കമാനത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 300 വര്‍ഷം പഴക്കമുള്ളതായിരുന്നു കമാനം. ചുവന്ന ചുടുകട്ടകളാല്‍ നിര്‍മിച്ച നിരവധി പുരാതന വീടുകളും തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ വീണുകിടക്കുന്നതിനാല്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.