ബ്രക്‍സിറ്റ്; സര്‍ക്കാറിന് വീണ്ടും തിരിച്ചടി

Update: 2017-05-09 22:24 GMT
Editor : Ubaid
ബ്രക്‍സിറ്റ്; സര്‍ക്കാറിന് വീണ്ടും തിരിച്ചടി

ചർച്ചകൾ പൂർത്തിയാക്കി യൂണിയനു പുറത്തുവരാനുള്ള അന്തിമ വ്യവസ്ഥകൾ തയാറാക്കിയശേഷം വീണ്ടും പാർലമെന്റിന്റെ അനുമതി തേടണമെന്നതാണു പുതിയ ഭേദഗതി

ബ്രിട്ടന്‍ യൂറോപ്യന്‍‍ യൂണിയന്‍ വിട്ട് പുറത്ത് വരണം എന്നാവശ്യപ്പെടുന്ന ബില്ലില്‍ തെരേസ മേയ് സർക്കാരിനു വീണ്ടും തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമതും ഭേദഗതി പാസാക്കി ബിൽ ഹൌസ് ഓഫ് ലോര്‍ഡ്സ്, ഹൗസ് ഓഫ് കോമൺസിനു തിരിച്ചയച്ചു. ഇതോടെ ബ്രക്സിറ്റ് നടപടികള്‍ അനന്തമായി നീണ്ടേക്കും. ചർച്ചകൾ പൂർത്തിയാക്കി യൂണിയനു പുറത്തുവരാനുള്ള അന്തിമ വ്യവസ്ഥകൾ തയാറാക്കിയശേഷം വീണ്ടും പാർലമെന്റിന്റെ അനുമതി തേടണമെന്നതാണു പുതിയ ഭേദഗതി. 268നെതിരെ 366 പേരുടെ പിന്തുണയോടെ പാസാക്കിയ ഭേദഗതി അടുത്തയാഴ്ച ഹൗസ് ഓഫ് കോമൺസ് പരിഗണിക്കും. നിലവിലുള്ള സാഹചര്യത്തിൽ സർക്കാർ ഈ ഭേദഗതി അംഗീകരിക്കാൻ ഇടയില്ല.

Advertising
Advertising

നിലവിൽ ബ്രിട്ടനിലുള്ള മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരെ ഇവിടെത്തന്നെ തുടരാൻ അനുവദിക്കണമെന്നു നിർദേശിക്കുന്ന ഭേദഗതി കഴിഞ്ഞയാഴ്ച പ്രഭുസഭ സമാനമായ രീതിയിൽ പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സർക്കാരിനു കൂടുതൽ തലവേദന സൃഷ്ടിച്ചു പുതിയ ഭേദഗതി. ഏതു സാഹചര്യത്തിലും ദേശീയ പരമാധികാരത്തിന്റെ കാവൽക്കാരാകേണ്ടതു പാർലമെന്റാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്തിമ വ്യവസ്ഥകൾ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടുവരണമെന്ന നിർദേശം പ്രഭുസഭ പാസാക്കിയത്. എന്നാൽ ഈ തീരുമാനം നിർഭാഗ്യകരമാണെന്നായിരുന്നു ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസിന്റെ പ്രതികരണം. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതമായി നീളുകയാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News