ലാഹോര്‍ ഭീകരാക്രമണം: സൈന്യം പരിശോധന ശക്തമാക്കി; 216 പേര്‍ കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം പാകിസ്താനിലെ ലാഹോറില്‍ 72 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം പരിശോധന ശക്തമാക്കി
കഴിഞ്ഞ ദിവസം പാകിസ്താനിലെ ലാഹോറില്‍ 72 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം പരിശോധന ശക്തമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം പേരെ പരിശോധിച്ച സൈന്യം സംശയം തോന്നിയ 216 പേരെ കസ്റ്റഡിയിലെടുത്തു.
പാകിസ്താനിലെ ലാഹോറില്‍ ഈസ്റ്റര്‍ദിനത്തില്‍ 72 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിന് പിന്നിലെ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ അയ്യായിരത്തോളം പേരെ പിടികൂടി പരിശോധിച്ച സൈന്യം സംശയം തോന്നിയ 216 പേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് മിനിസ്റ്റര്‍ റാണ സനാഉല്ല വ്യക്തമാക്കി. പിടികൂടിയ 5222 പേരില്‍ 5005 പേരെ സൂക്ഷ്മ പരിശോധനക്ക് ശേഷം വിട്ടയച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത താലിബാന്റെ ഭാഗമായ ജമാഅത്തുല്‍ അഹ്റാറുമായി ബന്ധമുള്ള മുഴുവന്‍ തീവ്രവാദികളെയും പിടികൂടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
അതേസമയം പാകിസ്താന്‍ മാധ്യമങ്ങള്‍ക്കെതിരായും തീവ്രവാദിസംഘം ഭീഷണി സന്ദേശം ട്വിറ്ററിലൂടെ അറിയിച്ചു. നിലവില്‍ റാവല്‍പിണ്ടി, മുള്‍ത്താന്‍ തുടങ്ങി മേഖലയിലാണ് പരിശോധന നടക്കുന്നതെന്നും ഇന്റലിജന്‍സ് വിഭാഗവും സൈന്യവും കുറ്റവാളികളെ പിടികൂടാനുളള ശ്രമത്തിലാണെന്നും റാണ സനാഉല്ല പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് മുസ്‍ലിംകള്‍ചൊവ്വാഴ്ച പാര്‍ലമെന്റിന് മുന്നില്‍ സംഘടിച്ചു. അതേസമയം, ലാഹോര്‍ നഗരം ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലുടനീളം തീവ്രവാദിവേട്ടക്കായി രാജ്യത്തെ അര്‍ധസൈനിക വിഭാഗത്തിന് പ്രത്യേക അധികാരം നല്‍കാന്‍ ധാരണയായതായും റിപ്പോര്‍ട്ടുണ്ട്.