ഇസ്താംബൂളില്‍ ഇരട്ട സ്ഫോടനം; 13 മരണം
പ്രാദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
പ്രാദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം. ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയമായ ബെസിക്താസ് സ്പോര്‍ട്സ് അരീനയില്‍ മത്സരം കഴിഞ്ഞ ഉടനെയായായിരുന്നു ആദ്യ സ്ഫോടനം. ബെസിക്താസ് ടെലിവിഷന്‍ ചാനലിന്റെ ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനിടെയാണ് കാര്‍ബോബ് പൊട്ടിത്തെറിച്ചത്. മുപ്പത് സെക്കന്റിനിടെയാണ് ഇരു സ്ഫോടനങ്ങളും ഉണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.
തുര്ക്കിയുടെ സുരക്ഷാ സംവിധാനത്തെയും സാധാരണ ജനത്തെയും ലക്ഷ്യം വെച്ച് നടന്ന ഭീകരാക്രമണമാണിതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസ്താവനയില്‍ പറഞ്ഞു. മരണ സംഖ്യ ഉയര്ത്തുന്നതിന് വേണ്ടിയാണ് മത്സരം നടക്കുന്ന ഫുട്ബാള് സ്റ്റേഡിയം ലക്ഷ്യം വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിന് ശേഷം പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരം കാണാന് മൈതാനത്ത് ആയിരക്കണക്കിനാളുകലാണ് തടിച്ച് കൂടിയിരുന്നത്.