ആഭ്യന്തര സംഘര്‍ഷത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും സമാധാനത്തിന് സഹകരിച്ചവര്‍ക്കും പുരസ്കാരം സമര്‍പ്പിക്കുന്നതായി മാനുവല്‍ സാന്തോസ്

Update: 2018-04-30 16:15 GMT
Editor : Ubaid
ആഭ്യന്തര സംഘര്‍ഷത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും സമാധാനത്തിന് സഹകരിച്ചവര്‍ക്കും പുരസ്കാരം സമര്‍പ്പിക്കുന്നതായി മാനുവല്‍ സാന്തോസ്

സമാധാന കരാറിനെതിരെ പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും കടുത്ത എതിര്‍പ്പാണ് സാന്തോസിന് നേരിടേണ്ടി വന്നത്

ഈ വര്‍ഷത്തെ സമാധാന നൊബൈല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡണ്ട് ഹുവാന്‍ മാനുവല്‍ സാന്തോസിന്. അഞ്ച് പതിറ്റാണ്ടിലധികംനീണ്ട കൊളംബിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തതാണ് സാന്തോസിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. രാജ്യത്തെ ആഭ്യന്തര സംഘര്‍ഷത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും സമാധാനത്തിന് സഹകരിച്ചവര്‍ക്കും പുരസ്കാരം സമര്‍പ്പിക്കുന്നതായി സാന്തോസ് പ്രതികരിച്ചു.

കൊളംബിയയിലെ യാഥാസ്ഥിതിക ഭരണ കൂടത്തിനെതിരെ പോരാട്ടം നയിക്കുന്ന കൊളംബിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1964ലാണ് ഫാര്‍ക്ക് എന്ന പേരില്‍ സായുധ സംഘടനക്ക് രൂപം നല്‍കുന്നത്. ഫാര്‍ക്കും സര്‍ക്കാറും തമ്മില്‍ നടന്ന പോരാട്ടത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ മരിച്ചു. ലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 2016 സപ്തംബര്‍ 26നാണ് ഫാര്‍ക്കുമായി കൊളന്പിയന്‍ പ്രസിഡണ്ട് ഹുവാന്‍ മാനുവല്‍ സാന്തോസ് സമാധാന കരാറില്‍ ഒപ്പുവെച്ചത്.കരാറോടെ സായുധരായ വിമതര്‍ ജനാധിപത്യ പാതയിലേക്ക് മാറിയെന്ന് നൊബൈല്‍ സമിതി വിലയിരുത്തി

Advertising
Advertising

സമാധാന കരാറിനെതിരെ പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും കടുത്ത എതിര്‍പ്പാണ് സാന്തോസിന് നേരിടേണ്ടി വന്നത്. സമാധാന കരാറില്‍ നടന്ന ഹിത പരിശോധനയില്‍ ഭൂരിഭാഗം കൊളംമ്പിയക്കാരും എതിര്‍ നിലപാടാണ് രേഖപ്പെടുത്തിയത്. സായുധരായ വിമതര്‍ക്ക് മുന്നില്‍ ഭരണ കൂടം കീഴടങ്ങന്നുവെന്നായിരുന്നു വിമര്‍ശം. എന്നാല്‍ സമാധാന കരാറുമായി മുന്നോട്ട് പോകുമെന്ന് സാന്തോസ് പ്രഖ്യാപിക്കുകയായിരുന്നു കരാറോടെ ലാറ്റിനമേരിക്കയുടെ തന്നെ മുഖച്ഛായ മാറിയെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. 1982 ശേഷം ആദ്യമായാണ് കൊളംമ്പിയയിലേക്ക് നൊബൈല്‍ പുരസ്കാരമെത്തുന്നത്. 1982ല്‍ സാഹിത്യത്തിനുള്ള പുരസ്കാരം കൊളംമ്പിയക്കാരനായ പ്രമുഖ സാഹിത്യകാരന്‍ ഗബ്രിയേല്‍ മാര്‍ക്കേസിനായിരുന്നു. സിറിയയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്, റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ സെറ്റ്‍ലാന ഗനുഷ്കിന ഉള്‍പ്പെടെ 376 നാമനിര്‍ദേശങ്ങളാണ് ഇത്തവണത്തെ സമാധാന നൊബൈലിന് പരിഗണിക്കപ്പെട്ടിരുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News