ഫലസ്തീൻ വിഷയം: ലോക പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്തിയിൽ അറബ്, മുസ്ലിം രാജ്യങ്ങൾ
ഫലസ്തീൻ ഐക്യദാര്‍ഢ്യ വിഷയത്തില്‍ ലോകത്തിന്‍റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്തിയിൽ അറബ്, മുസ്ലിം രാജ്യങ്ങൾ. യു.എന്നിൽ 128 രാജ്യങ്ങൾക്ക് ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത് ഭാവി ഫലസ്തീൻ..
ഫലസ്തീൻ ഐക്യദാര്‍ഢ്യ വിഷയത്തില്‍ ലോകത്തിന്‍റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്തിയിൽ അറബ്, മുസ്ലിം രാജ്യങ്ങൾ. യു.എന്നിൽ 128 രാജ്യങ്ങൾക്ക് ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത് ഭാവി ഫലസ്തീൻ രാഷ്ട്ര നീക്കത്തിന് കൂടുതൽ കരുത്താവുമെന്നും അറബ്, മുസ്ലിം കൂട്ടായ്മകൾ പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ച് തികച്ചും ഏകപക്ഷീയമായി യു.എസ് പ്രസിഡൻറ് ട്രംപ് നടത്തിയ ജറൂസലം പ്രഖ്യാപനം അറബ്, മുസ്ലിം രാജ്യങ്ങളിൽ സൃഷ്ടിച്ച നടുക്കം ചെറുതായിരുന്നില്ല. കൈറോയിൽ ചേർന്ന അറബ് ലീഗ് നേതൃയോഗവും ഇസ്തംബുളിൽ ഒത്തുചേർന്ന ഒ.ഐ.സി ഉച്ചകോടിയും ട്രംപിന്റെ പ്രസ്താവനക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു. അതാണ് യു.എന്നിൽ നിർണായകമായതും. ജറൂസലം പ്രസ്താവനക്കെതിരെ ഒ.ഐ.സി പ്രമേയം കൊണ്ടു വരിക മാത്രമല്ല, പിന്തുണ ഉറപ്പാക്കാൻ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളുമായും ഫലപ്രദമായ നയതന്ത്രനീക്കവും നടത്തി. ഒ.ഐ.സി നേതൃപദവിയിലുള്ള തുർക്കി പ്രസിഡൻറ് ഉർദുഗാനാണ് തന്ത്രങ്ങൾ മെനഞ്ഞത്.
ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും ഫലസ്തീൻ പിന്തുണയിലേക്ക് വന്നതും നയതന്ത്ര വിജയം തന്നെ. അമേരിക്കൻ ഫണ്ട് ലഭിക്കുന്ന ഇൗജിപ്ത്, ജോർദാൻ, അഫ്ഗാനിസ്ഥാൻ എന്നിവക്കു മേൽ ട്രംപ് ഭരണകൂടം നടത്തിയ സമ്മർദ തന്ത്രം വലുതായിരുന്നു. അതും പക്ഷെ വിജയിച്ചില്ല. അറബ്, മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി ഒരു വിഷയത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. ഗ്വാട്ടിമല, ഹോണ്ടുറാസ് ഉൾപ്പെടെ ചെറുരാജ്യങ്ങൾ മാത്രമാണ് അമേരിക്കക്കൊപ്പം നിന്നത്.