തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍; ഉത്തരകൊറിയക്ക് മേല്‍ പുതിയ ഉപരോധവുമായി ഐക്യരാഷ്ട്രസഭ

Update: 2018-05-08 16:12 GMT
Editor : Jaisy
തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍; ഉത്തരകൊറിയക്ക് മേല്‍ പുതിയ ഉപരോധവുമായി ഐക്യരാഷ്ട്രസഭ

ഏകകണ്ഠമായാണ് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്

ഉത്തരകൊറിയക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. യുഎന്നിന്റെയും ലോകരാഷ്ട്രങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് തുടര്‍ച്ചയായി ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനാണ് നടപടി. ഏകകണ്ഠമായാണ് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്.

ഉത്തര കൊറിയയുടെ ആറാമത്തേതും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണത്തിനെതിരെയാണ് യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ പുതിയ ഉപരോധം. സുരക്ഷാ കൌണ്‍സിലിലെ അംഗങ്ങളായ 15 രാജ്യങ്ങളും ഏകകണ്ഠമായി പ്രമേയം പാസാക്കി. ഉത്തരകൊറിയയില്‍ നിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും എണ്ണ, പ്രകൃതി വാതക ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഇതോടെ പ്രതിസന്ധിയിലാകും. രാജ്യത്തെ തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും യുഎന്‍ പ്രമേയം വിലക്കേര്‍പ്പെടുത്തുന്നുണ്ട്.

Advertising
Advertising

ഉത്തരകൊറിയയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സമര്‍പ്പിച്ച ശിപാര്‍ശയിലേതിന് സമാനമായ വ്യവസ്ഥകളാണ് യുഎന്‍ പ്രമേയത്തിലുമുള്ളത്. എന്നാല്‍ പൂര്‍ണമായും ഉത്തരകൊറിയക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതല്ല പുതിയ പ്രമേയം. യുദ്ധത്തിനായല്ല അമേരിക്ക ശ്രമിക്കുന്നതെന്നും ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ ഉത്തര കൊറിയക്ക് ഭാവി സുരക്ഷിതമാക്കാമെന്നും യുഎസ് അംബാസഡര്‍ നിക്കി ഹാലെ മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയയുടെ സഖ്യരാജ്യങ്ങളായ ചൈനയും റഷ്യയും പ്രമേയത്തെ അനുകൂലിച്ചുവെന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News