ജലസംരക്ഷണത്തിനായി മിന ഗുലി ഓടുന്നത് ആറ് ഭൂഖണ്ഡങ്ങളിലൂടെ 1,687 കിലോമീറ്റര്‍!

Update: 2018-05-09 06:12 GMT
Editor : Subin
ജലസംരക്ഷണത്തിനായി മിന ഗുലി ഓടുന്നത് ആറ് ഭൂഖണ്ഡങ്ങളിലൂടെ 1,687 കിലോമീറ്റര്‍!

40 ദിവസം കൊണ്ട് 40 മാരത്തണ്‍ ഓടി ലോകത്തെ ഞെട്ടിക്കുകയാണ് മിന ഗുലി എന്ന ആസ്‌ത്രേലിയക്കാരി. ആറ് ഭൂഖണ്ഡങ്ങളിലെ വിഖ്യാതമായ ആറ് നദീ തീരത്തിലൂടെയാണ് ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള മിന ഗുലിയുടെ അസാധാരണ മാരത്തണ്‍ പ്രകടനം...

42.195 കിലോമീറ്റര്‍ ഒറ്റയടിക്ക് ഓടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവര്‍ പോലും വളരെ കുറവായിരിക്കും, അങ്ങനെ സ്വപ്‌നം കണ്ടിട്ടുള്ളവരിലും കുറവാണ് മാരത്തണ്‍ ഓടി തീര്‍ത്തവരുടെ എണ്ണം. എന്നാല്‍ 40 ദിവസം കൊണ്ട് 40 മാരത്തണ്‍ ഓടി ലോകത്തെ ഞെട്ടിക്കുകയാണ് മിന ഗുലി എന്ന ആസ്‌ത്രേലിയക്കാരി. ആറ് ഭൂഖണ്ഡങ്ങളിലെ വിഖ്യാതമായ ആറ് നദീ തീരത്തിലൂടെയാണ് ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള മിന ഗുലിയുടെ അസാധാരണ മാരത്തണ്‍ പ്രകടനം.

Advertising
Advertising

വടക്കേ അമേരിക്കയിലെ കൊളറാഡോ, തെക്കേ അമേരിക്കയിലെ ആമസോണ്‍, ആസ്‌ത്രേലിയയിലെ മുറേ ഡാര്‍ലിംങ്, ഏഷ്യയിലെ യാങ്‌സീ, ആഫ്രിക്കയിലെ നൈല്‍, യൂറോപ്പിലെ തൈംസ് എന്നീ നദികളോട് ചേര്‍ന്നാണ് മിന ഓടുന്നത്. ലോക ജലസംരക്ഷണ ദിനമായ മാര്‍ച്ച് 22ന് ആരംഭിച്ച ഓട്ടം സര്‍വ്വരാജ്യ തൊഴിലാളി ദിനമായ മെയ് ഒന്നിന് തൈംസ് തീരത്ത് അവസാനിക്കും. ഇതുവരെ 1574 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞ മിന ഇനി രണ്ട് ദിവസം കൊണ്ട് 114 കിലോമീറ്റര്‍ ഓടി തീര്‍ക്കുമെന്ന് അവരുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നു.

ആസ്‌ത്രേലിയയിലെ പരിസ്ഥിതി പ്രവര്‍ത്തകയായ മിന ഗുലി Thirst എന്ന ജലസംരക്ഷണ സംഘടനയുടെ സിഇഒയാണ്. എല്ലാവര്‍ക്കും ശുദ്ധജലം എന്ന സന്ദേശം ഉയര്‍ത്തിയാണ് മിന ഗുലി 40 ദിവസം നീളുന്ന മാരത്തണുകള്‍ ഓടുന്നത്. ലോകത്തിന്റെ ഭാവിയും നമ്മുടെ ജീവനും ശുദ്ധജലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ജലം സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ഉത്തരവാദപ്പെട്ടവരാണെന്നും എന്റെ ഭാഗം ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നുമാണ് മിന ഗുലി പറയുന്നത്.

ഓട്ടം ആസ്വദിക്കുന്നതുകൊണ്ട് ഓട്ടക്കാരിയായ ആളല്ല താനെന്ന് പറയുന്ന മിന ഗുലി ശുദ്ധജലം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു. ലഭ്യമായ വെള്ളത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് നമ്മള്‍ വീടുകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം പലവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും മറ്റുമായാണ് ചെലവാകുന്നത്. അഭിഭാഷക കൂടിയായ 46കാരിയായ മിന ഗുലി മെയ് ഒന്നിന് തന്റെ 40 ദിന മാരത്തണ്‍ പൂര്‍ത്തിയാക്കുമ്പോള്‍ 1687 കിലോമീറ്റര്‍ ഓടിത്തീര്‍ത്തിരിക്കും.

പീഡിപ്പൈഡ്‌സ് എന്ന ഗ്രീക്ക് പട്ടാളക്കാരന്‍ മാരുത്തൊണ്‍ യുദ്ധഭൂമിയില്‍ നിന്നും സന്ദേശം വഹിച്ചുകൊണ്ട് ഏഥന്‍സിലേക്ക് നടത്തിയ ഓട്ടമാണ് പിന്നീട് മാരത്തണായി മാറിയത്. ഓട്ടത്തിനൊടുവില്‍ സന്ദേശം കൈമാറിയയുടന്‍ പീഡിപ്പൈഡ്‌സ് മരിച്ചുവീഴുകയായിരുന്നു. ആദ്യം പൂര്‍ത്തിയാക്കിയയാള്‍ മരിച്ചുവീണ മത്സരയിനമായ മാരത്തണ്‍ തുടര്‍ച്ചയായി 40 ദിവസം ആവര്‍ത്തിക്കുന്നതുവഴി വിവരിക്കാനാകാത്ത ശാരീരിക മാനസിക പീഡനങ്ങളിലൂടെയാണ് മിന ഗുലി കടന്നുപോകുന്നത്.

ഓരോ മാരത്തണിനും ശേഷം ഓരോ മൈലിനും ഒരു ദിവസം വീതം വിശ്രമിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ അടുത്ത മാരത്തണ്‍ ഓടുന്നതിലെ അനുഭവം മിനഗുലി വിവരിക്കുന്നുണ്ട്. ഓരോ ദിവസവും ഓട്ടം ആരംഭിക്കുമ്പോള്‍ ആദ്യത്തെ കുറച്ച് കിലോമീറ്ററുകള്‍ ഒരു മുത്തശ്ശിയെ പോലെയാണ് താന്‍ ഓടാറെന്ന് മിന പറയുന്നു. കൈകാല്‍ കുഴകളിലെ വേദനയും മുടന്തലുമെല്ലാം ഓരോ ദിവസവും ഉണ്ടാകാറുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുള്ള ഓരോ ദിവസത്തെയും ആദ്യകിലോമീറ്ററുകള്‍ തനിക്കൊപ്പമുള്ള ടീമിനെ ഒഴിവാക്കി ഒറ്റക്ക് ഓടുകയാണ് രീതി. പിന്നീട് താളം വീണ്ടെടുക്കുന്ന മുറയ്ക്ക് ടീം ഇവര്‍ക്കൊപ്പം ചേരുന്നു.

ഓടുന്ന സ്ഥലങ്ങളിലെ പ്രാദേശിക ജനങ്ങളുമായും ഗോത്രവര്‍ഗ്ഗക്കാരുമായും കര്‍ഷകരുമായുമൊക്കെ മിന കൂടിക്കാഴ്ച്ചകള്‍ നടത്തുന്നുണ്ട്. ജലസംരക്ഷണത്തിന്റെ പ്രാധാന്യം തന്നെയാണ് കൂടിക്കാഴ്ച്ചകളിലെ പ്രധാന വിഷയം. ഓരോ മാരത്തണിനും ശേഷം അടുത്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് പലപ്പോഴും മിന ഗുലി വിശ്രമിക്കുന്നത് തന്നെ. 2012ലാണ് തേസ്റ്റ് എന്ന ചാരിറ്റി സംഘടന മിന ഗുലി സ്ഥാപിച്ചത്. എല്ലാവര്‍ക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ഭാവിയാണ് തന്റെ സ്വപ്‌നമെന്നും മിന ഗുലി പറയുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2025 ആകുമ്പോഴേക്കും 180 കോടി ജനങ്ങള്‍ ശുദ്ധജല ക്ഷാമം അനുഭവിക്കുമെന്നാണ് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News