മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

Update: 2018-05-13 22:53 GMT
Editor : Jaisy
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു
Advertising

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വിശുദ്ധ തരേസ എന്നാണ് മദര്‍ ഇനി അറിയപ്പെടുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. കരുണയുടെ ഉദാത്ത മാതൃകാണ് മദറെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

ലോകത്തെ മുഴുവന്‍ സാക്ഷിയാക്കിയാണ് വത്തിക്കാനില്‍ മദര്‍ തെരേസ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇന്ത്യന്‍ സമയം 1.30യോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക ചത്വരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തില്‍ കുര്‍ബാന ആരംഭിച്ചതോടെ ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായി. ബലിപീഠത്തിലിരുന്ന മാര്‍പ്പാപ്പയോട് മദറിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തണമെന്ന് നാമകരണത്തിനായി നിയോഗിക്കപ്പെട്ട തിരുസംഘത്തലവന്‍ ആഞ്ചെലോ അമാത്തോയും പോസ്റ്റുലേറ്ററായി പ്രവര്‍ത്തിച്ച ഫാദര്‍ ബ്രയാനും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മദര്‍ തെരേസയുടെ ലഘുജീവചരിത്രം വായിച്ചു. മദറിന്റെ മധ്യസ്ഥതയില്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് അത്ഭുതങ്ങളും സംഘം അംഗീകരിച്ചതായി മാര്‍പ്പാപ്പയെ അറിയിച്ചു. നാമകരണ നടപടിയുടെ പ്രാര്‍ഥനാ ശുശ്രൂഷ ആരംഭിക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. രണ്ട് അത്ഭുതങ്ങളും ദൈവപ്രേരിതമായിരുന്നുവെന്നും കത്തോലിക്ക സഭ ഇവ അംഗീകരിക്കുന്നതായും മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. മദര്‍ വിശുദ്ധപദവിയിലേക്ക്.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയറും പ്രധാന അംഗങ്ങളും സാക്ഷ്യം പറഞ്ഞവരും ചേര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗിക വണക്കത്തിനായി സമര്‍പ്പിച്ചു. ഇനി സാര്‍വത്രികസഭക്ക് മദറിനെ വണങ്ങാം. വിശുദ്ധയുടെ ആദ്യതിരുന്നാള്‍ നാളെ വത്തിക്കാനില്‍ നടക്കും. വിശുദ്ധിപദവി പ്രഖ്യാപനത്തോടെ കത്തോലിക്കസഭയുടെ കരുണാ വര്‍ഷാചരണത്തിനും സമാപനമായി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News