അമേരിക്കയുടെ ഇഷ്ടത്തിനനുസരിച്ചാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര കൊറിയ

Update: 2018-05-14 11:35 GMT
Editor : Jaisy
അമേരിക്കയുടെ ഇഷ്ടത്തിനനുസരിച്ചാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര കൊറിയ

അമേരിക്കയുമായി അടുക്കുന്നതോടെ വര്‍ഷങ്ങള്‍ പഴക്കമുളള ഉത്തര കൊറിയ - ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ ഉണ്ടായേക്കുമെന്നാണ് സൂചന

സഖ്യരാജ്യമായ ചൈനക്കെതിരെ ആഞ്ഞടിച്ച് ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടെ അമേരിക്കയുടെ ഇഷ്ടത്തിനനുസരിച്ചാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തി. അമേരിക്കയുമായി അടുക്കുന്നതോടെ വര്‍ഷങ്ങള്‍ പഴക്കമുളള ഉത്തര കൊറിയ - ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ദശാബ്ദങ്ങള്‍ പഴക്കമുള്ള ഉത്തര കൊറിയ - ചൈന ബന്ധം തകര്‍ക്കാനുള്ള നീക്കങ്ങളാണ് രാഷ്ട്രീയ നേതാക്കളും ചൈനീസ് മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്നതെന്നാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയുടെ വിമര്‍ശം. ചൈന അമേരിക്കയുമായി അടുക്കുന്നതിനെയും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ദക്ഷിണ കൊറിയയുമായി സഹകരിച്ച് അമേരിക്ക മേഖലയില്‍ യുദ്ധ സന്നാഹങ്ങളൊരുക്കുമ്പോള്‍ അമേരിക്ക ആഗ്രഹിക്കുന്ന രീതിയിലാണ് ചൈന വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സി വിമര്‍ശിക്കുന്നു. ചൈനയുമായുള്ള സൌഹൃദത്തിനായി യാചിക്കില്ലെന്നും പ്രകോപനപരമായ നടപടികളുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കുന്നു.

Advertising
Advertising

ഉത്തര കൊറിയ പുതിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ചൈന താക്കീത് നല്‍കിയിരുന്നു. മേഖലയില്‍ സംഘര്‍ഷങ്ങളൊഴിവാക്കാന്‍ ശ്രമിക്കണമെന്ന നിലപാടാണ് ചൈന എപ്പോഴും സ്വീകരിച്ചിരുന്നത്. ആയുധ പരീക്ഷണങ്ങളില്‍ യുക്തിയില്ലാത്തതാണ് ഉത്തര കൊറിയയുടെ നിലപാടെന്ന് ചൈനീസ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെതിരായ പ്രതികരണമാണ് ഉത്തരകൊറിയയുടേതെന്നാണ് വിലയിരുത്തല്‍.

1953 ലെ കൊറിയന്‍ യുദ്ധകാലത്ത് ആരംഭിച്ച ചൈന - ഉത്തര കൊറിയ ബന്ധത്തില്‍ പുതിയ സംഭവ വികാസങ്ങളോടെ വിള്ളലുണ്ടാകുമെന്നാണ് സൂചന. ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളെ ഏറെ ആശങ്കയോടെയാണ് ലോകം കാണുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News