ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേല്‍ രാജിവെച്ചു

Update: 2018-05-15 19:19 GMT
Editor : Ubaid
ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേല്‍ രാജിവെച്ചു

ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​​ പ്രീ​തി ഇ​സ്രാ​യേ​ൽ അധികൃതരുമായി കൂടിക്കാഴ്​ച ന​ട​ത്തി​യ​ത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ ഇന്ത്യന്‍ വംശജയും അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ രാജി വെച്ചു. ഒരാഴ്ചക്കിടെ തെരേസ മേയ് സര്‍ക്കാരില്‍നിന്നും രാജി വെക്കേണ്ടിവരുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേല്‍. ലൈംഗികാപവാദത്തില്‍ കുടുങ്ങി ദിവസങ്ങള്‍ക്ക് മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധമന്ത്രി മൈക്കിള്‍ ഫാലന്‍ രാജിവെച്ചത്.

Advertising
Advertising


ഇക്കഴിഞ്ഞ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പ്രീതി ഇസ്രായേല്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും തെരേസ മെയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും അവര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ജൂലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനിക ആശുപത്രിയും പ്രീതി സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. നയതന്ത്രമര്യാദയനുസരിച്ച് ബ്രിട്ടീഷ് എം.പിമാരോ മന്ത്രിമാരോ ജൂലാന്‍ കുന്നുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട്. 1967ല്‍ സിറിയയില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലയാണ് ജൂലാന്‍ കുന്നുകള്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ അധികൃതരുമായി ആഗസ്റ്റില്‍ അനധികൃത ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചു വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍തന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ വിവരം പ്രീതിതന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തുകയുണ്ടായി. ഉഗാണ്ടയില്‍നിന്നും 1960ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍. 2010ലാണ് ആദ്യമായി എസെക്‌സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാര്‍ലമെന്റംഗമായി. ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും ഇന്ത്യന്‍ നേതാക്കളുമായുള്ള നയതന്ത്രചര്‍ച്ചകളിലുമെല്ലാം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News