ഫലസ്തീനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി
ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അവിഗ്ഡോര്‍ ലിബര്‍മാന്‍
പ്രശ്നപരിഹാരത്തിനായി ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പുതുതായി ചുമതലയേറ്റ ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ഡോര്‍ ലിബര്‍മാന്‍. ഇസ്രായേല്‍ പ്രധാനമന്തി ബെന്യാമിന്‍ നെതന്യാഹുവുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ലിബര്‍മാന് അപ്രതീക്ഷിതമായാണ് പ്രതിരോധ വകുപ്പ് ലഭിച്ചത്.
ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി 2002ല്‍ നടത്തിയിരുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കും എന്ന് പുതുതായി ചുമതലയേറ്റ അവിഗ്ഡോര്‍ ലിബര്‍മാന്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലിബര്‍മാന്റെ പ്രഖ്യാപനം. ഫലസ്തീനുമായും മറ്റ് അയല്‍ രാജ്യങ്ങളുമായും പ്രായോഗികമായ ചര്‍ച്ചകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പു വരുത്താന്‍ സഹായിക്കുമെന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.
1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുനല്‍കിയാല്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കുമെന്നായിരുന്നു 2002ലെ സമാധാന കരാര്‍. എന്നാല്‍ പ്രദേശങ്ങള്‍ വിട്ടു നല്‍കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ വിഷയത്തില്‍ നെതന്യാഹു ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഇവ ഗൌരവമായി പരിഗണിക്കുമെന്നും അവിഗ്ഡോര്‍ ലിബര്‍മാന്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രിയായിരിക്കെ നിരവധി വിഷയങ്ങളില്‍ നെതന്യാഹുവിന്റെ തീരുമാനങ്ങളെ ലിബര്‍മാന്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. ഇറാന്‍ ആണവക്കരാറിനോടുള്ള ഇസ്രായേലിന്റെ നയത്തിലും തുര്‍ക്കിയുമായി നയതന്ത്രം സ്ഥാപിക്കാനുള്ള നെതന്യഹുവിന്റെ നീക്കത്തിലും ലിബര്‍മാന്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. നെതന്യഹു സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിരോധ മന്ത്രി മോഷെ യാലോണ്‍ രാജിവെച്ചിരുന്നു.