അമേരിക്കയിലെ എച്ച് വണ്‍ ബി വിസ പരിഷ്കാരം നിര്‍ത്തിവെച്ചു
ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് വിസാ കാലാവധി നീട്ടി നല്‍കില്ലെന്ന തീരുമാനമാണ് മരവിപ്പിച്ചത്
അമേരിക്കയിലെ എച്ച് വണ്‍ ബി വിസ പരിഷ്കാരം നിര്‍ത്തിവെച്ചു. ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് വിസാ കാലാവധി നീട്ടി നല്‍കില്ലെന്ന തീരുമാനമാണ് മരവിപ്പിച്ചത്. തീരുമാനം ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിച്ചവർക്ക് എച്ച്.1ബി വിസ കാലാവധി ദീർഘിപ്പിച്ചു നൽകില്ലെന്ന മുന്‍ തീരുമാനമാണ് അമേരിക്ക പിന്‍വലിച്ചത്. അമേരിക്കയില്‍ വിവിധ ജോലികളിലുളള ഏഴര ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പ്രവാസികള്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. 'ബൈ അമേരിക്കൻ ഹൈർ അമേരിക്കൻ' എന്ന നയത്തിന്റെ ഭാഗമായി അമേരിക്കക്കാർക്ക്മുൻഗണന നൽകുന്നതിനായാണ് എച്ച്.1ബി വിസയിലടക്കം നിയന്ത്രണങ്ങൾക്ക് ട്രംപ് ഭരണകൂടം നീക്കം നടത്തിയത്. എച്ച്-വൺ ബി വിസ വ്യവസ്ഥകളിൽ മാറ്റം വരുത്തി കാലവധിക്ക് ശേഷം രാജ്യം വിട്ട് പോകുന്നതിന് പ്രവാസികളെ നിർബന്ധിതരാക്കുന്നതായിരുന്നു നയം. നീക്കം പ്രവാസികള്‍ക്കിടയിലെന്ന പോലെ അമേരിക്കക്കകത്തും കടുത്ത വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവരെ തിരിച്ചയക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തെറ്റായ നടപടിയാണെന്ന് പറഞ്ഞ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കുറ്റപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ നയം അമേരിക്കൻ വ്യവസായത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. വിമര്‍ശങ്ങള്‍ വ്യാപകമായതോടെയാണ് നിയമ പരിഷ്കാരം നിർത്തിവെക്കാനുള്ള തീരുമാനമെന്നാണ് സൂചന. രാജ്യം വിട്ട് പോകുന്നതിന് നിർബന്ധിതരാക്കാൻ പദ്ധതിയില്ലെന്നും വിസാ കാലാവധി നീട്ടാൻ അവസരം നൽകുന്ന എസി-21 സെക്ഷൻ (104)സി വകുപ്പിൽ മാറ്റം വരുത്തില്ലെന്നും യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസാണ് വ്യക്തമാക്കിയത്