അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി യുഎന്‍

Update: 2018-05-21 13:56 GMT
Editor : Jaisy
അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി യുഎന്‍
Advertising

വര്‍ഗീയ ആക്ഷേപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കുമെതിരെ ട്രംപ് ഭരണകൂടം നിഷ്പക്ഷമായി നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു

അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ഐക്യരാഷ്ട്ര സഭ. വര്‍ഗീയ ആക്ഷേപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കുമെതിരെ ട്രംപ് ഭരണകൂടം നിഷ്പക്ഷമായി നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

അമേരിക്കയില്‍ വര്‍ഗീയ അതിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. ട്രംപ് ഭരണകൂടം തുടരുന്ന കുറ്റകരമായ മൌനം വെടിയണമെന്നും അക്രമങ്ങള്‍ ഒഴിവാക്കാന്‍ മുഖം നോക്കാതെയുള്ള നടപടി കൈക്കൊള്ളണമെന്നുമാണ് ആവശ്യം. വംശീയ അധിക്ഷേപങ്ങള്‍ തടയുന്നതിനായി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ കമ്മറ്റിയാണ് വിമര്‍ശം ഉന്നയിച്ചത്.

വെര്‍ജിനിയ ഷാര്‍ലെറ്റ്‌സ്‌വില്ലയില്‍ സംഘടിപ്പിക്കപ്പെട്ട വംശീയറാലിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് കൈക്കൊണ്ട നിലപാടിലാണ് വിമര്‍ശം. വംശീയതക്കെതിരെ നടന്ന റാലിയിലേക്ക് വെളുത്ത വര്‍ഗക്കാരനായ ജെയിംസ് അലക്സ് ഫീല്‍ഡ്സ് കാറോടിച്ചുകയറ്റി ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുവശത്തുമുള്ളവരെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രതിഷേധക്കാരെ പേരെടുത്ത് പറഞ്ഞ് അപലപിക്കാത്തതിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ട്രംപിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ട്രംപിന്റെ നിലപാട് രാജ്യത്തിന്റെ ഐക്യതിന് തന്നെ വെല്ലുവിളിയാണെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്രസഭ നല്‍കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെടുന്നു.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവും ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. കടുത്ത വംശീയവാദിയായ ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ നിറത്തിന്റെയും വംശത്തിന്റേയും പേരിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News