ഇറാന്‍-സൗദി അകല്‍ച്ച ഒപെക് നീക്കത്തിന് തിരിച്ചടിയായി

Update: 2018-05-26 12:24 GMT
Editor : admin
ഇറാന്‍-സൗദി അകല്‍ച്ച ഒപെക് നീക്കത്തിന് തിരിച്ചടിയായി
Advertising

ഇറാന്‍-സൗദി അകല്‍ച്ച, എണ്ണ ഉല്‍പാദനം നിയന്ത്രിച്ച് വിപണിയില്‍ വില സന്തുലിതത്വം ഉറപ്പാക്കാനുള്ള ഒപെക് നീക്കത്തിന് തിരിച്ചടിയായി

ഇറാന്‍-സൗദി അകല്‍ച്ച, എണ്ണ ഉല്‍പാദനം നിയന്ത്രിച്ച് വിപണിയില്‍ വില സന്തുലിതത്വം ഉറപ്പാക്കാനുള്ള ഒപെക് നീക്കത്തിന് തിരിച്ചടിയായി. പ്രധാന ഒപെക് രാജ്യങ്ങളുടെ ഇന്ന് നടക്കുന്ന ദോഹ യോഗത്തില്‍ സമവായം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍.

ആഗോള വിപണിയിലെ വിലത്തകര്‍ച്ച കാരണം എണ്ണ ഉല്‍പാദനം കുറക്കണം എന്ന ആവശ്യമായിരുന്നു നേരത്തെ വെനിസ്വലക്കൊപ്പം ഇറാന്‍ കൈക്കൊണ്ടത്. എന്നാല്‍ ഉപരോധം നീങ്ങിയ സാഹചര്യത്തില്‍ തങ്ങളുടെ പക്കലുള്ള അധിക എണ്ണ വിപണിയിലേക്ക് കൂടുതല്‍ എത്തിക്കാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ ഉന്നതതല സംഘവുമായി ഇന്ന് തെഹ്റാനില്‍ ഇറാന്‍ നേതൃത്വം സുപ്രധാന ചര്‍ച്ചയും നടത്തും. പരമാവധി എണ്ണവില്‍പനയിലൂടെ തകര്‍ന്ന സമ്പദ് ഘടനക്ക് ജീവന്‍ പകരുകയാണ് ഇറാന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഊര്‍ജ ഉടമ്പടി ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങളാണ് യൂറോപ്യന്‍ യൂനിയന്‍ ഉന്നതതല സംഘവുമായുള്ള ചര്‍ച്ചയില്‍ സ്ഥാനം പിടിച്ചിരിക്കുന്നതും.

ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദിയാട്ടെ, തങ്ങളുടെ നിലപാട് എണ്ണ ഉല്‍പാദനം കുറക്കുകയല്ലെന്നും വ്യക്തമാക്കുന്നു. വിപണിയില്‍ തങ്ങളുടെ എണ്ണവിഹിതം ഉറപ്പിച്ചു നിര്‍ത്താന്‍ കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്തുമെന്നാണ് സൗദി പ്രഖ്യാപനം. ഇറാന്‍ തന്നെയാണ് സൗദിയുടെ ഉന്നം. ഇറാന്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയെങ്കില്‍ മാത്രമേ തങ്ങളും അതിന് തയാറാകൂ എന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് സൗദി നേതൃത്വം.
ദിനംപ്രതി ഉല്‍പാദനം 10.2 ദശലക്ഷം ബാരലില്‍ നിന്ന് 11.5 ദശലക്ഷം ബാരലായി ഉയര്‍ത്തുമെന്ന സൂചനയാണ് സൗദി രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയത്. ആറ് മാസത്തിനുള്ളില്‍ ഉല്‍പാദനം 12.5 ദശലക്ഷം ബാരായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പും സൗദി നല്‍കുന്നു.

സൗദിയും ഇറാനും തമ്മില്‍ കരാര്‍ രൂപപ്പെടുത്താന്‍ റഷ്യ നീക്കം നടത്തിയെങ്കിലും വിജയിക്കുകയുണ്ടായില്ല. വിപണിയില്‍ ബാരലിന് 44 ഡോളറിലേക്ക് വില ഉയര്‍ന്നത് പുതിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഉല്‍പാദനം കുറച്ച് വില സന്തുലിതത്വം കാത്തു സൂക്ഷിക്കാന്‍ പരസ്പര ഭിന്നത കാരണം ഇറാനും സൗദിക്കും സാധിക്കാതെ വന്നിരിക്കുകയാണ്. ഇത് ഗള്‍ഫിന്റെയും ഇറാന്റെയും സമ്പദ് ഘടനക്ക് കൂടുതല്‍ ആഘാതമായി മാറുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News