വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പതിനാറ് വയസ്
മൂവായിരത്തിലധികം ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്
അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്നേക്ക് പതിനാറ് വര്‍ഷം. 2001 സെപ്തംബര്‍ 11 നാണ് ഭീകരര്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. മൂവായിരത്തിലധികം ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
പ്രാദേശിക സയമം രാവിലെ 8.46 നായിരുന്നു വന്‍ശക്തിയായ അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് തട്ടിയെടുത്ത നാല് വിമാനങ്ങളുമായി തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആദ്യ ആക്രമണം അംബരചുംബിയായ നിലകൊണ്ടിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ബ്ലോക്കിലേക്കായിരുന്നു. മിനിറ്റുകള്‍ക്കകം സൌത്ത് ടവറിന്റെ 60 ആം നിലയിലേക്കും മറ്റൊരു വിമാനം ഇടിച്ചുകയറി. ആദ്യ നിമിഷത്തില്‍ ഒരു വിമാനാപകടം എന്ന് കരുതിയ ജനത പിന്നീട് ഭീതിയുടെ മുള്‍മുനയിലായിരുന്നു. ശേഷം അമേരിക്കയുടെ സൈനികാസ്ഥാനമായ പെന്റഗണ്‍ ലക്ഷ്യമാക്കി. വൈറ്റ് ഹൈസ് ലക്ഷ്യമാക്കിയുള്ള നാലാം വിമാനം യാത്രക്കാരും തീവ്രവാദികളുംതമ്മിലുള്ള ഏറ്റുമുട്ടലിനൊടുവില്‍ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു. 19 പേരെ രംഗത്തിറക്കി അല്‍ഖ്വായ്ദ നടത്തിയ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂവായിരത്തോളം ജീവനുകളായിരുന്നു.
അമേരിക്കയുടെ സാമ്പത്തിക, സൈനിക പ്രതാപത്തിനേറ്റ കനത്ത അടിയായിരുന്നു ഇത്. ഈ ആക്രമണത്തിന് ശേഷം ഭീകരവിരുദ്ധ പോരാട്ടം രൂക്ഷമാക്കിയ അമേരിക്ക അഫ്ഗാനിലും ഇറാഖിലും നടത്തിയ സൈനിക ഇടപെടലുകള്‍ക്ക് ലോകം സാക്ഷിയായി. ഒടുവില്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഒസാമ ബിന്‍ലാദനെ അമേരിക്ക വധിക്കുകയും ചെയ്തു. ഒന്നര ശതാബ്ദം പിന്നിടുമ്പോഴും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മരിച്ചവരുടെ ബന്ധുക്കളും അപകടത്തെ തരണം ചെയ്തവരും.