സിറിയയില്‍ വെടിനിര്‍ത്തല്‍: പ്രതീക്ഷകളുടെ പുതുവര്‍ഷത്തിലേക്ക് സിറിയന്‍ ജനത
ആറ് വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സിറിയയില്‍ രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് ഇതാദ്യമായാണ്
സിറിയയില്‍ രാജ്യവ്യാപക വെടിനിര്ത്തല് നിലവില്‍ വന്നു. റഷ്യക്കും തുര്‍ക്കിക്കും പിന്നാലെ അസദ് സര്‍ക്കാറും വിമത ഗ്രൂപ്പും വെടിനിര്‍ത്തലിന് തയ്യാറായി. എന്നാല്‍ ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല.
ആറ് വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സിറിയയില്‍ രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് ഇതാദ്യമായാണ്. റഷ്യയും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ബശ്ശാറുല്‍ അസദ് ഭരണകൂടവും സായുധ വിമത വിഭാഗവും തയ്യാറാവുകയായിരുന്നു. ഇറാനും ചര്‍ച്ചയില്‍ പങ്കെടുത്തു. കസാകിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന ചര്‍ച്ചയാണ് സമാധാനത്തിലേക്കുള്ള വഴി തുറന്നത്.
ബശ്ശാറുല്‍ അസദ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍ സിറിയക്ക് താല്‍പര്യമില്ല. എന്നാല്‍ സിറിയയിലെ സമാധാനവും തീവ്രവാദികള്‍ക്കെതിരായ പോരാട്ടവും മുഖ്യലക്ഷ്യമായതിനാല്‍ സമാധാന നീക്കങ്ങളില്‍ പങ്കാളിയാവുമെന്ന് തുര്‍ക്കി പ്രതികരിച്ചു.
തീവ്രവാദി ഗ്രൂപ്പുകളായ ഐഎസും ജബത് ഫതഹ് അല്‍ ശാമും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. സിറിയ തുര്‍ക്കി അതിര്‍ത്തിയില്‍ സ്വാധീനമുള്ള ജബത് ഫതഹ് അല്‍ ശാം മേഖലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ബശ്ശാറുല്‍ അസദ് സ്റ്റേറ്റ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ തയ്യാറായില്ല. സംഘര്‍ഷത്തിന്റ തുടക്കം മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. അതിനിടെ ഡമസ്കസിലെ വിമത അധീന പ്രദേശത്തുണ്ടായ വ്യോമാക്രമണമുണ്ടായി. സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം നാല്‍പ്പത് പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
രാജ്യവ്യാപക വെടിനിര്ത്തല് നിലവില്‍ വന്നതോടെ പ്രതീക്ഷകളുടെ പുതുവര്‍ഷത്തിലേക്ക് നീങ്ങുകയാണ് സിറിയന്‍ ജനത. ആഭ്യന്തര യുദ്ധം നാശോന്‍മുഖമാക്കിയ വീടുള്‍പ്പെടെ സര്‍വസ്വവും പുനര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അവര്‍. സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റിന്‍റെ സഹായത്തോടെയാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
കിടപ്പാടത്തിന് പുറമെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എല്ലാം തകര്‍ന്നിരിക്കുന്നു. നഗര ഗ്രാമവ്യത്യാസമില്ലാതെ. ആഭ്യന്തരയുദ്ധത്തിന്റെ ബാക്കി പത്രമിതാണ്. 2011 മുതല്‍ നാലരക്ഷത്തേോളം ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 22നാണ് വിമതരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. ഒഴിപ്പിക്കപ്പെട്ടവര്‍ വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലുള്ളത്. ശക്തമായ ആക്രമണത്തില്‍ ചിതറിപ്പോയ വിമതര്‍ ഒളിപ്പോരിലാണിപ്പോള്‍. മേഖലയില്‍ വെടിനിര്‍ത്തലിന് റഷ്യും തുര്‍ക്കിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നേരിയ പ്രതീക്ഷയിലാണ് അലപ്പോ നിവാസികള്‍.
അതേസമയം ഇദ്‌ലിബിലടക്കം താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. നേരിട്ട് ഇവിടേക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ പ്രയാസപ്പെടുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ഇദ്‌ലിബിലേക്കുള്ള പ്രധാന പാതകളില്‍ വിമതരുടെ ഭീഷണിയുണ്ട്. ഇതാണ് സഹായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. സൈന്യത്തിന്റയും റഷ്യയുടെയും നേരിട്ടുള്ള ആക്രമണത്തില്‍ ആശുപത്രികളും തകര്‍ന്നതോടെ തുര്‍ക്കി സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ചികിത്സാ സഹായം. തങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പുതിയ വര്‍ഷത്തില്‍ ലോക തലത്തില്‍ ശ്രമമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.