ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നം: ലോകരാഷ്ട്രങ്ങള്‍ക്ക് നിസംഗതയെന്ന് മഹമ്മൂദ് അബ്ബാസ്

Update: 2018-05-29 16:50 GMT
Editor : Sithara
ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നം: ലോകരാഷ്ട്രങ്ങള്‍ക്ക് നിസംഗതയെന്ന് മഹമ്മൂദ് അബ്ബാസ്

ഐക്യരാഷ്ട്രസഭയുടെ എഴുപത്തിഒന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ലോകരാഷ്ട്രങ്ങളെ കുറ്റപ്പെടുത്തിയത്

ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നത്തില്‍ ലോകം തുടരുന്ന നിസ്സംഗതക്കെതിരെ ആഞ്ഞടിച്ച് ഫലസ്തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ്. ലോകരാഷ്ടങ്ങള്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാതെ സമാധാനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ രൂപീകരണത്തിനിടയാക്കിയ ബാള്‍ഫര്‍ പ്രഖ്യാപനത്തില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ എഴുപത്തിഒന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ലോക രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തിയത്. ഫലസ്തീനെയും ഇസ്രായേലിനെയും ഉള്‍ക്കൊള്ളിക്കാതെ കഴിഞ്ഞ ജൂണില്‍ പാരിസില്‍ നടത്തിയ സമാധാന ചര്‍ച്ചകളെയും അദ്ദേഹം വിമര്‍ശിച്ചു. ഫലസ്തീന്‍ ജനത ഇന്നനുഭവിക്കുന്ന മുഴുവന്‍ ദുരിതങ്ങളുടെയും കാരണം 1917 ലെ ബാള്‍ഫര്‍ കരാറാണ്. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാപ്പ് പറയാനെങ്കിലും ബ്രിട്ടന്‍ എന്ന മഹാരാജ്യത്തിന് കഴിയണമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീന് മേല്‍ ഇസ്രായേല്‍ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനുള്ള വര്‍ഷമായി ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം ലോകയുദ്ധാവസാനം ‌ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ഫലസ്തീനില്‍ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജൂതന്മാര്‍ ഇസ്രായേലില്‍ എത്തുകും ചെയ്തു. ബാള്‍ഫര്‍ പ്രഖ്യാപനത്തിന് 100 വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ഫല്സ്തീന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News