ട്രംപിന്റെ റഷ്യന്‍ ബന്ധം; മരുമകനും സഹായിയുമായ ജറാദ് കുഷ്നറെ ചോദ്യം ചെയ്യും

Update: 2018-05-29 12:47 GMT
Editor : Ubaid
ട്രംപിന്റെ റഷ്യന്‍ ബന്ധം; മരുമകനും സഹായിയുമായ ജറാദ് കുഷ്നറെ ചോദ്യം ചെയ്യും
Advertising

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുടെ സഹായം തേടിയെന്ന ആരോപണത്തില്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന കമ്മിറ്റി ട്രംപിന്റെ മരുമകനും സഹായിയുമായ ജറാദ് കുഷ്നറെ ചോദ്യം ചെയ്യും. കുഷ്നര്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കുമുന്പാകെ ഹാജരാകുമെന്ന് യു എസ് അറിയിച്ചു. അതേസമയം ആരോപണം അന്വേഷിക്കുന്ന കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് റിപ്പബ്ലിക്കന്‍ അംഗം മാറി നില്‍ക്കണമെന്ന നിലപാടിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുടെ സഹായം തേടിയെന്ന ആരോപണത്തില്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. ആരോപണത്തില്‍ എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്. ട്രംപിന്റെ മകള്‍ ഇവാന്‍ങ്കയുടെ ഭര്‍ത്താവാണ് ജറാദ് കുഷ്നര്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് കുഷ്നര്‍ റഷ്യന്‍ അധികൃതരുമായി രണ്ടുതവണ കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കിയെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുക. റഷ്യന്‍ അംബാസഡറുമായും റഷ്യയുടെ പ്രധാന വികസന ബാങ്കായ വിഇബിയുടെ പ്രതിനിധികളുമായും കുഷ്നര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ളിന്റന്റെ പരാജയം ഉറപ്പാക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ആരോപണം. ഡിസംബറില്‍ ട്രംപ് ടവറില്‍ വെച്ചായിരുന്നു അംബാസഡറുമായുള്ള കൂടിക്കാഴ്ച. ട്രംപിന്റെ പ്രചാരണസഹായി ആയിട്ടായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കുഷ്നറുടെ പ്രവര്‍ത്തനം. എന്നാല്‍ ആരോപണം റഷ്യയും ട്രംപും നിഷേധിച്ചിരുന്നു. കുഷ്നറുമായി നടത്തിയ കൂടിക്കാഴ്ച പൂര്‍ണമായും കച്ചവടതാല്‍പര്യത്തോടെയുള്ളതായിരുന്നുവെന്ന് വിഎബി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആരോപണം അന്വേഷിക്കുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് റിപ്പബ്ളിക്കന്‍ അംഗം ഡെവിന്‍ നണ്‍സ് സ്വമേധയാ മാറിനില്‍ക്കണമെന്ന് ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എങ്കില്‍മാത്രമേ ട്രംപും റഷ്യയും തമ്മിലുണ്ടായിരുന്ന ബന്ധം സത്യസന്ധമായി പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്ന് അവര്‍ പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News