അല്‍അഖ്സയില്‍ ഇസ്രായേല്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചു

Update: 2018-05-30 17:03 GMT
Editor : Sithara
അല്‍അഖ്സയില്‍ ഇസ്രായേല്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചു

അല്‍ അഖ്സയുടെ പ്രവേശന കവാടത്തിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്

ജറുസലേമിലെ അല്‍അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചു. അല്‍ അഖ്സയുടെ പ്രവേശന കവാടത്തിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും ഫലസ്തീന്‍ വിച്ഛേദിച്ചു.

അല്‍ അഖ്സ പള്ളിയിലെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്‍റെ പുതിയ നടപടി. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്ടറിന് പുറമെയാണ് പ്രവേശന കവാടത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇസ്രായേലിന്‍റെ നടപടികളില്‍ ഫലസ്തീനികള്‍ രോഷാകുലരാണ്. മുസ്‍ലിം ഭരണ പ്രദേശങ്ങളില്‍ കൂടി ആധിപത്യം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്‍റെ ശ്രമമാണിതിന് പിന്നിലെന്നാണ് ഫലസ്തീന്‍റെ ആരോപണം.

Advertising
Advertising

പുതുതായി ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇസ്രായേലുമായി ഔദ്യോഗിക ബന്ധങ്ങള്‍ നിര്‍ത്തിവെക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പള്ളിക്ക് സമീപം ഇസ്രായേല്‍ സൈന്യവും ഫലസ്തീന്‍ പൌരന്‍മാരും ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പ്രാര്‍ഥനക്ക് അനുമതി നിഷേധിച്ചത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന അടച്ച അല്‍ അഖ്സ തുടര്‍ ദിവസങ്ങളില്‍ തുറന്നു കൊടുത്തെങ്കിലും ഫലസ്തീനികള്‍ കോമ്പൌണ്ടിന് പുറത്താണ് പ്രാര്‍ഥന നടത്തുന്നത്.

Writer - Sithara

contributor

Editor - Sithara

contributor

Similar News