യുഎന്‍ സിറിയന്‍ സമാധാന സമ്മേളനത്തിന് 50 അംഗ പ്രതിപക്ഷ സംഘം പങ്കെടുക്കും

Update: 2018-05-31 23:09 GMT
Editor : Jaisy
യുഎന്‍ സിറിയന്‍ സമാധാന സമ്മേളനത്തിന് 50 അംഗ പ്രതിപക്ഷ സംഘം പങ്കെടുക്കും

സിറിയയിലെ സമാധാനത്തിന് പ്രസിഡന്റ് ബശ്ശാറുല്‍ അസദും സംഘവും രാജ്യം വിടണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കും

ഐക്യരാഷ്ട്രസഭയുടെ സിറിയന്‍ സമാധാന സമ്മേളനത്തിന് 50 അംഗ പ്രതിപക്ഷ സംഘം പങ്കെടുക്കും. സിറിയയിലെ സമാധാനത്തിന് പ്രസിഡന്റ് ബശ്ശാറുല്‍ അസദും സംഘവും രാജ്യം വിടണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കും. യുഎന്‍ മധ്യസ്ഥതതയില്‍ നടത്തുന്ന യോഗത്തില്‍ പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ട് വയ്ക്കും.

കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന സിറിയയിലെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനം. നിലവില്‍ പുറത്താക്കലിന്റെ വക്കിലുളള പ്രസിഡന്റ് ബശ്ശാറുല്‍ അസദും സംഘവും സിറിയ വിടണം. എങ്കില്‍ മാത്രമേ രാജദ്യത്ത് സമാധാനം പുനസ്ഥാപിക്കാനാകൂവെന്ന് യോഗം വിലയിരുത്തി. ഈ ആവശ്യം നവംബര്‍ 28ന് ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ മധ്യസ്ഥതയിലുള്ള സമാധാന സമ്മേളനത്തില്‍ മുന്നോട്ട് വെക്കും. ഇതിനായി മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതൃത്വത്തിലുള്ള 50 അംഗ പ്രതിപക്ഷ നിരയാണ് റിയാദ് യോഗത്തില്‍ രൂപം കൊണ്ടത്.

Advertising
Advertising

പ്രശ്നത്തില്‍ സിറിയന്‍ ജനതയുടെ ഭൂരിഭക്ഷാഭിപ്രായത്തിനാണ് മുന്‍ഗണനയെന്ന് യോഗത്തില്‍ പങ്കെടുത്ത സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുന്‍ മധ്യസ്ഥ ശ്രമങ്ങളെല്ലാം പ്രതിപക്ഷത്തിന്റെ ഏകോപനമില്ലായ്മ കാരണവും അഭിപ്രായ ഭിന്നതയിലും തകര്‍ന്നിരുന്നു. ഇതിനാല്‍ ഇത് രണ്ടാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ സമ്മേളനം. ഇതിന് മുന്നോടിയായാണ് റിയാദില്‍ സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സമ്മേളനം വിളിച്ചത്. സമാധാന സമ്മേളനത്തിലേക്കുള്ള പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയാണ് ലക്ഷ്യം. സൌദി നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മുന്‍പില്ലാത്ത വിധം ഐക്യം വ്യക്തമാണ്. ഇതോടെ അസദിനു മേല്‍ സമ്മര്‍ദ്ദമേറും.

സിറിയയിലേക്കുള്ള ഐക്യരാഷ്ട്ര സഭാ സമാധാന ദൂതന്‍ സ്റ്റഫാന്‍ ഡി മസ്തുറയും യോഗത്തിലുണ്ട്. ശക്തമായ ഐക്യം സിറിയന്‍ സമാധാന യോഗത്തിന്റെ ലക്ഷ്യത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് നിലവിലെ ഭരണപക്ഷം എങ്ങിനെ പ്രതികരിക്കുമെന്ന് അടുത്ത ബുധനാഴ്ച അറിയാം. എതിര്‍ത്തു നില്‍ക്കാനാകാത്ത വിധം പ്രതിപക്ഷം ശക്തമാണിപ്പോള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News