ആഭ്യന്തര സംഘര്‍ഷം; യമനില്‍ 4 മാസത്തിനിടെ ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

Update: 2018-06-01 01:55 GMT
ആഭ്യന്തര സംഘര്‍ഷം; യമനില്‍ 4 മാസത്തിനിടെ ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

നാന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് യമനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 11 മുതല്‍ ജൂലൈ അവസാനം വരെയുള്ള കണക്കാണിത്.

യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച മുന്‍പ് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സര്‍ക്കാരും വിമതരും തമ്മില്‍ തലസ്ഥാന നഗരമായ സനായിലുള്‍പ്പടെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ച അലസിയത്. ഇതിനിടെയാണ് പുതിയ കണക്ക് പുറത്തുവരുന്നത്. 223 പേര്‍ കൊല്ലപ്പെട്ടതായും 466 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 11 മുതല്‍ ജൂലൈ അവസാനം വരെയുള്ള കണക്കാണിത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും യുഎന്‍ സഹായവും കൃത്യമായി ലഭ്യമാക്കാന്‍ കഴിയാത്ത വിധം ദുസ്സഹമാണ് യമനില്‍ നിലവിലെ സ്ഥിതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

ഈ മാസം ഏഴ് മുതല്‍ സൌദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ആക്രമണം രൂക്ഷമായിട്ടുണ്ട്. ജൂലൈ 5 ന് നടന്ന റോക്കറ്റ് ആക്രമണത്തില്‍ കിഴക്കന്‍ മഗ്രിബില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സമാധാന ചര്‍ച്ചകള്‍ ഫലം കാണാതിരുന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചത് മുതല്‍ പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News