ഫലസ്തീന്‍ യുവാവിനെതിരെ ഭീഷണിയുമായി ഇസ്രായേല്‍ എംപി
'ഒമറിനെ ശിക്ഷിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ വീട്ടില്‍ക്കയറി അവനെയും മുഴുവന്‍ കുടുംബത്തേയും ഇല്ലാതാക്കിയേനെ. അവന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് മരണമെന്നും..
ഇസ്രായേല്‍ വംശജരെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ ഫലസ്തീന്‍ യുവാവിനെതിരെ ഭീഷണിയുമായി ഇസ്രായേല്‍ എംപി ഒറേന്‍ ഹസന്‍. യുവാവിന്റെ കുടുംബത്തെ വധിക്കുമെന്ന് എംപി വീഡിയോ സന്ദേശത്തില്‍ പറയുന്നു. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുമായി ഉണ്ടായ സംഘര്‍ഷത്തിനിടെ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കൊലക്ക് കാരണമായ ഫലസ്തീന്‍ യുവാവിന് നേരെയാണ് ഇസ്രയേല്‍ എംപിയുടെ വധഭീഷണി. എംപി ഒറേന്‍ ഹസനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഹീബ്രു ഭാഷയിലുള്ള ഭീഷണി വീഡിയോ ഒറേന്‍ ഹസന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫലസ്തീന്‍ അക്രമി ഒമര്‍ - അല്‍ - ആബിദിന്റെ വീടും കുടുംബവും തുടച്ച് നീക്കുമെന്നും വീഡിയോയില്‍ പറയുന്നു. ഒമറിനെ ശിക്ഷിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ വീട്ടില്‍ക്കയറി അവനെയും മുഴുവന്‍ കുടുംബത്തേയും ഇല്ലാതാക്കിയേനെ. അവന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് മരണമെന്നും വീഡിയോയില്‍ പറയുന്നു.
82000 ലൈക്കുകളാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ലികുഡ് പാര്‍ട്ടി അംഗമാണ് ഒറേന്‍ ഹസന്‍. എംപിയുടെ പ്രസ്താവനക്കെതിരെ മുന്‍ ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുസ്തഫ ബാര്‍ഗൂതി രംഗത്ത് വന്നു. വംശീയത എത്രത്തോളം രൂക്ഷമാണെന്ന് കാണിക്കുകയാണ് ഇത്തരം ഗുരുതര പരാമര്‍ശങ്ങളെന്നും അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ അഖ്സ പള്ളിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇസ്രായേലികള്‍ കൊല്ലപ്പെട്ടത്. ഒമര്‍ മൂന്ന് പേരെയെും കത്തി ഉപയോഗിച്ച് കുത്തുകയിയായിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ ഒമര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമറിന്റെ പ്രവൃത്തിയെ ന്യായീകരിച്ച അമ്മ ഇബ്തിസാം അല്‍ ആബിദിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.