ഹുദൈദയിലെ ഏറ്റുമുട്ടല്‍; രാഷ്ട്രീയ പരിഹാരത്തിന് ഐക്യരാഷ്ട്ര സഭ
രാഷ്ട്രീയ പരിഹാരത്തിന് ഹൂതികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഏറ്റുമുട്ടലിലൂടെ ചെയ്യുന്നതെന്ന് സഖ്യസേന പറഞ്ഞു
യെമനിലെ ഹുദൈദയില്‍ ഏറ്റുമുട്ടല്‍ കനത്തതോടെ രാഷ്ട്രീയ പരിഹാര നീക്കം ശക്തമാക്കി ഐക്യരാഷ്ട്ര സഭ . രാഷ്ട്രീയ പരിഹാരത്തിന് ഹൂതികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഏറ്റുമുട്ടലിലൂടെ ചെയ്യുന്നതെന്ന് സഖ്യസേന പറഞ്ഞു.യമന്‍ സൈന്യത്തെ പിന്തുണക്കുന്ന സഖ്യസേനാ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം നാളെ ജിദ്ദയില്‍ ചേരും.
സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരായ പോരാട്ടം നിർണായകഘട്ടത്തിലാണ്. ഇതിനിടെയാണ് സഖ്യസേന രാജ്യങ്ങളിലെ വാർത്താവിതരണ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും സമ്മേളനം നാളെ ജിദ്ദയിൽ നടക്കുന്നത്. സൗദി അറേബ്യ, ഈജിപ്ത്, പാകിസ്താൻ, മൊറോക്കോ, ജോർഡൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, സെനഗൽ, സുഡാൻ തുടങ്ങിയ സഖ്യരാജ്യങ്ങളിലെ മന്ത്രിമാര്‍ യോഗത്തിൽ പങ്കടുക്കും. രാജ്യത്തെയും വിദേശത്തെയും മാധ്യമപ്രവർത്തകരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യെമനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളാണ് യോഗത്തിലുണ്ടാവുക. അതിനിടെ യമനിൽ രാഷ്ട്രീയ പരിഹാരത്തിന് ഹൂതികളെ സമ്മർദ്ദത്തിലാക്കുകയാണ് അറബ് സഖ്യസേനയുടെ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. യമനിലെ ജനങ്ങളുടെ സുരക്ഷക്കാണ് സഖ്യസേന മുന്തിയ പരിഗണന നൽകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഐക്യരാഷ്ട്ര സഭാ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമം വിജയം കാണുമെന്ന് യമനിലേക്കുള്ള് പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അറിയിച്ചു.