ഗാസയിലേക്ക് എണ്ണ ഉത്പന്നങ്ങളുമായെത്തുന്ന വാഹനങ്ങള്‍ക്ക് ഇസ്രായേല്‍ വിലക്ക്

പാചകവാതകം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുമായെത്തുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്.

Update: 2018-08-03 01:37 GMT

ഗാസയിലേക്ക് എണ്ണ ഉത്പന്നങ്ങളുമായെത്തുന്ന വാഹനങ്ങള്‍ക്ക് ഇസ്രായേലിന്റെ വിലക്ക്. ഇന്ധനമുപയോഗിച്ച് ഇസ്രായേലിനെതിരെ ഫലസ്തീനികള്‍ ആക്രമണം നടത്തുമെന്ന് കണ്ടാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രകൃതി വാതകങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ഡോര്‍ ലീബര്‍മെനാണ് എണ്ണയുത്പന്നങ്ങള്‍ പ്രകൃതി വാതകം എന്നിവയുമായി എത്തുന്ന വാഹനങ്ങള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഭാഗികമായി സീല്‍ ചെയ്തിരിക്കുന്ന കരീം അബൂ സലീം വാണിജ്യാതിര്‍ത്തിയിലൂടെ ഇന്ധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍ കടത്തിവിടരുതെന്നാണ് ഉത്തരവ്.

Advertising
Advertising

ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തിലായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്ക് തുടരും. പാചകവാതകം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുമായെത്തുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. ജൂലൈ 9ന് ഫലസ്തീനിലേക്കുള്ള വാണിജ്യ ഗതാഗതം ഇസ്രായേല്‍ വിലക്കിയിരുന്നു. ഇത് കാരണം രാജ്യത്തെ നിരവധി ജനങ്ങള്‍ക്കാവശ്യമായ അവശ്യവസ്തുക്കള്‍ എത്തിക്കാനായില്ല. മാത്രമല്ല ഗാസയിലെ കയറ്റുമതിയെയും കാര്യമായി ബാധിച്ചു.

ദിവസവും 40 മുതല്‍ 50 വരെ ട്രക്കുകളാണ് ഭക്ഷണ സാധനങ്ങളുമായി ഗാസ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നത്. അതേസമയം ബുധനാഴ്ച ഇസ്രായേല്‍ സൈന്യം 19 തവണ വെടിയുതിര്‍ത്തു.

Similar News