അമേരിക്കയില്‍ യാത്രാവിമാനം ജീവനക്കാരന്‍ റാഞ്ചി
അധികൃതരുടെ അനുമതിയില്ലാതെ 29കാരനായ യുവാവ് വിമാനം പറത്തുകയായിരുന്നു. സിയാറ്റില്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്കായിരുന്നു സംഭവം
അമേരിക്കയില്‍ യാത്രാവിമാനം ജീവനക്കാരന്‍ റാഞ്ചി. യാത്രക്കാരെ കയറ്റുന്നതിന് മുന്‍പാണ് വിമാനം തട്ടിയെടുത്തത്. വിമാനം പിന്നീട് തകര്‍ന്നുവീണു.
അലാസ്‌ക എയര്‍ലൈന്‍സിന്റെ ഹൊറൈസണ്‍ എയര്‍ ക്യു400 ആണ് വിമാന ജീവനക്കാരന്‍ തന്നെ റാഞ്ചിയത്. അധികൃതരുടെ അനുമതിയില്ലാതെ 29കാരനായ യുവാവ് വിമാനം പറത്തുകയായിരുന്നു. സിയാറ്റില്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്കായിരുന്നു സംഭവം. വിമാനത്താവളത്തിലെ ഗ്രൗണ്ട് സര്‍വീസ് ഏജന്റായ റിച്ചാര്‍ഡ് ബി റസല്‍ ആണ് വിമാനം പറത്തിയത്.
യാത്രക്കാരും മറ്റ് ജീവനക്കാരും വിമാനത്തിലേക്ക് കയറും മുന്‍പ് ഇയാള്‍ വിമാനവുമായി പറന്നു. സുരക്ഷാ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വിമാനത്തിനെ പിന്തുടര്‍ന്നു. നേരിയ വ്യത്യാസത്തിലാണ് യുദ്ധവിമാനത്തിലൊന്നുമായി വിമാനം കൂട്ടിയിടിക്കാതിരുന്നത്.. ഒരുമണിക്കൂറോളം വിമാനം ആകാശത്ത് പറന്നു. ഇടക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ സുരക്ഷിത ലാന്‍ഡിങിന് നിര്‍ദേശം നല്‍കാന്‍ ശ്രമിച്ചിരുന്നു.
പിന്നീട് വിമാനത്താവളത്തിന് 30 മൈല്‍ അകലെ കെട്രോണ്‍ ദ്വീപില്‍ വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നു. വിമാനത്തില്‍ റസല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് വ്യോമയാന വകുപ്പും അലാസ്‌ക വിമാനക്കമ്പനിയും അന്വേഷണം തുടങ്ങി.