സമുദ്രനിരപ്പുയരുന്നു; ലോകമാകെ മുങ്ങുന്ന സുനാമിക്ക് സാധ്യതയെന്ന് ഗവേഷകര്‍

സമുദ്രനിരപ്പ് ഉയരുന്നത് ആഗോളസമൂഹത്തെ മുഴുവനായി വെള്ളത്തിൽ മുക്കാൻ സാധ്യതയുള്ള പ്രളയങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പാണ് വിർജിനീയ ടെക് സർവകലാശാലയിലെ ഗവേഷകര്‍ നല്‍കുന്നത്.

Update: 2018-08-20 05:28 GMT
Advertising

കാലാവസ്ഥാമാറ്റത്തെ തുടര്‍ന്ന് സമുദ്രനിരപ്പിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ലോകത്തെ ആകെ മുക്കുന്ന സുനാമിക്ക് കാരണമാകുമെന്ന് പഠനം. സമുദ്രനിരപ്പ് ഉയരുന്നത് ഭീഷണിയാകുന്നത് തീരദേശപ്രദേശങ്ങൾക്ക് മാത്രമാണെന്ന പൊതുധാരണ തിരുത്തുന്നതാണ് ഈ പഠനം. ചെറിയ തോതിലുള്ള ഭൂചലനങ്ങൾ സൃഷ്ടിക്കുന്ന ആഘാതം പോലും സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുന്നുണ്ടുവെന്നും പഠനം പറയുന്നു. വിർജിനീയ ടെക് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

സമുദ്രനിരപ്പ് ഉയരുന്നത് ആഗോളസമൂഹത്തെ മുഴുവനായി വെള്ളത്തിൽ മുക്കാൻ സാധ്യതയുള്ള പ്രളയങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പാണ് വിർജിനീയ ടെക് സർവകലാശാലയിലെ ഗവേഷകര്‍ നല്‍കുന്നത്. സമുദ്രനിരപ്പിലെ നേരിയ അളവിലുള്ള ഉയർച്ചപോലും അപകടകരമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സയന്‍സ് അഡ്വാന്‍സസ് ജേര്‍ണലിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചൈനയിലെ മക്കാവു മേഖലയെയാണ് പഠനത്തിനായി ഗവേഷകര്‍ തെരഞ്ഞെടുത്തത്. സുനാമി ബാധിക്കാത്ത സുരക്ഷിത ഭൂപ്രകൃതിയുള്ള പ്രദേശമാണ് മക്കാവു. ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണിത്. പഠനത്തിന്റെ ഭാഗമായി മക്കാവുവിന്റെ ഭൂപ്രകൃതി അതേപടി കമ്പ്യൂട്ടറിൽ പുനഃസൃഷ്ടിക്കുകയാണ് ഗവേഷകർ ചെയ്തത്.

നിലവിലെ സമുദ്രനിരപ്പ് പ്രകാരം ചെറിയതോതിലുള്ള ഭൂചലനങ്ങൾ മക്കാവുവിനെ സാരമായി ബാധിക്കുന്നില്ല. എന്നാൽ, സമുദ്രനിരപ്പ് ഒന്നരയടി മുതൽ മൂന്നടി വരെ ഉയർന്നാൽ, ചെറുഭൂചലനങ്ങളുണ്ടാക്കുന്ന ആഘാതം ഞെട്ടിപ്പിക്കുന്നതാണ്. ഒന്നരയടി ഉയർന്നാൽ കൂറ്റൻ തിരമാലകൾ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ആവൃത്തി 1.2 തവണ മുതൽ 2.4 തവണ വരെ വർധിക്കും. മൂന്നടി ഉയർന്നാൽ, ആവൃത്തി 1.5 മുതൽ 4.7 വരെയായി ഉയരുമെന്ന് സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Tags:    

Similar News