പീഡനം വെളിപ്പെടുത്തിയ യുവതിയെ ഈജിപ്തില്‍ തടവു ശിക്ഷക്ക് വിധിച്ചു

സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്

Update: 2018-10-01 04:15 GMT
Advertising

ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് വീഡിയോയില്‍ വെളിപ്പെടുത്തിയ ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് തടവുശിക്ഷ. അമല്‍ ഫാത്തിയെന്ന യുവതിയെയാണ് ഭീകര ബന്ധമാരോപിച്ച് പിടികൂടി ജയിലിടച്ചത്. സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്.

ഇക്കഴിഞ്ഞ മേയിലാണ് അമല്‍ ഫാത്തി ടാക്‌സി ഡ്രൈവറില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസറ്റിട്ടത്. പീഡന ആരോപണത്തിന് പുറമെ ഈജിപിതിലെ തകര്‍ന്നു കിടന്ന് ഗതാഗത സംവിധാനം മുതല്‍ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശോചനീയാവസ്ഥയെകുറിച്ചും, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഫാത്തി ആരോപിച്ചിരുന്നു.

വീഡിയോ വൈറലാവുകയും ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെയാണ് പൊലീസ് ഫാത്തിക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയത്.

‘ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റിന്റെ’ പ്രവര്‍ത്തകയാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഈജിപ്തില്‍ നിലവില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതും 2011ല്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കുന്ന ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സംഘടനയുമാണ് ‘ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റ്’.

തടവുശിക്ഷയ്‌ക്കൊപ്പം 10,000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴശിക്ഷയും വിധിക്കുകയായിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ഫാത്തിയുടെ അഭിഭാഷകന്റെ പ്രതികരണം.

Tags:    

Similar News