സിറിയയിലെ യു.എന്‍ നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡി. മിസ്തുറ രാജിവെക്കുന്നു
നവംബര്‍ അവസാനത്തോടെ രാജിവെക്കുമെന്ന് മിസ്തുറ തന്നെയാണ് വ്യക്തമാക്കിയത്.
സിറിയയിലെ യു.എന്‍ നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറ സ്ഥാനമൊഴിയുന്നു. നവംബര്‍ അവസാനത്തോടെ രാജിവെക്കുമെന്ന് മിസ്തുറ തന്നെയാണ് വ്യക്തമാക്കിയത്.
ഇറ്റാലിയന്‍ സ്വീഡിഷ് നയതന്ത്രജ്ഞനായ സ്റ്റഫാന്‍ ഡി മിസ്തുറ 2014 ജൂലൈയിലാണ് സിറിയയിലെ യു.എന്‍ പ്രതിനിധിയായി എത്തുന്നത്. നാല് വര്‍ഷം തന്ത്രപ്രധാനമായ സ്ഥാനത്തിരുന്ന മിസ്തുറ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് പദവി ഒഴിയുന്നത്.
യുദ്ധം നാശം വിതച്ച സിറിയയില്‍ പുതിയ ഭരണഘടനയുടെ കരട് കമ്മിറ്റിയില്‍ വെക്കുമെന്ന് സ്റ്റഫാന്‍ ഡി മിസ്തുറ പറഞ്ഞു. എന്നാല്‍ സിറിയന്‍ സര്‍ക്കാരിന് പുതിയ ഭരണഘടനയോട് കടുത്ത എതിര്‍പ്പാണ്. പ്രാദേശിക നേട്ടങ്ങള്‍ക്കായി സിറിയന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ മിസ്തുറ സ്ഥാനമൊഴിയുന്നത് യു.എന്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. യു.എന്‍ മിഡില്‍ ഈസ്റ്റ് പീസ് കോര്‍ഡിനേറ്റര്‍ നിക്കോലെ മാന്‍ഡനോവ്, ഇറാഖിലെ യുഎന്‍ പ്രതിനിധി ജാന്‍ കുബിക് എന്നിവരുടെ പേരുകളാണ് മിസ്തുറക്ക് പകരമായി കേള്‍ക്കുന്നത്.