വൈറ്റ് ഹൌസ് പ്രേതാലയമായി, കുട്ടി പിശാചുകള്‍ക്കും കുട്ടി ചാത്തന്മാര്‍ക്കും മധുരം നല്‍കി ഡോണള്‍ഡ് ട്രംപും ഭാര്യയും
ഇരുണ്ടനിറത്തിലുള്ള ഗൌണും, പാറിപറക്കുന്ന മുടിയും രക്തംതുളുമ്പുന്ന കണ്ണുകളും കൂര്‍ത്ത പല്ലുകളുമായെത്തിയ കുട്ടിപിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് ഞായറാഴ്ച വൈറ്റ് ഹൌസും പരിസരവും പ്രേതാലയമാക്കി.
ഇരുണ്ട നിറത്തിലുള്ള ഗൌണും, പാറിപറക്കുന്ന മുടിയും രക്തം തുളുമ്പുന്ന കണ്ണുകളും കൂര്‍ത്ത പല്ലുകളുമായെത്തിയ കുട്ടി പിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് ഞായറാഴ്ച്ച വൈറ്റ് ഹൌസും പരിസരവും പ്രേതാലയമാക്കി. വെള്ള നിറത്തില്‍ മാത്രം കാണാറുള്ള വൈറ്റ് ഹൌസിന്‍റെ തൂണുകള്‍ വൈക്കോല്‍ പൊതിഞ്ഞ നിലയിലായിരുന്നു. പുറത്തേക്കുള്ള കവാടത്തിനിരുവശവും കടും ഓറഞ്ച് നിറത്തിലുള്ള മത്തങ്ങയും പഴങ്ങളും അലക്ഷ്യമായി ഇട്ടിരുന്നു.
ഓറഞ്ച് നിറത്തിലുള്ള പരവതാനിയിലൂടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും പുറത്തേക്ക് വന്നു. പ്രഥമ വനിതയുടെ കൈവശം ഒരു കൂട നിറയെ ചോക്ലേറ്റും ഉണ്ടായിരുന്നു. കുട്ടി പിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് അവ കൈപ്പറ്റി. പ്രസിഡന്‍റിനൊപ്പം നിന്ന് ഫോട്ടോ എടുത്താണ് പലരും മടങ്ങിയത്.
കാര്‍ഷിക വിളവെടുപ്പുല്‍സവങ്ങള്‍ക്ക് തങ്ങളുടെ പൂര്‍വികര്‍ എത്തുമെന്ന വിശ്വാസവും പിശാചിനെ പ്രകോപിപ്പിക്കാതെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറണമെന്നതുമാണ് ഹാലൊവീന്‍ ആഘോഷങ്ങള്‍ക്ക് പുറകിലുള്ള വിശ്വാസം. കുട്ടി ചാത്തന്മാരെ പ്രതിനിധീകരിക്കുന്ന കുട്ടികള്‍ക്ക് ചോക്ലേറ്റും മറ്റും നല്‍കുന്നത് ഇതിനാണ്. ഒക്ടോബര്‍ 31 നാണ് മിക്കയിടങ്ങളിലും സാധാരണയായി ആഘോഷങ്ങള്‍ക്കും ഘോഷയാത്രക്കുമായി തെരഞ്ഞെടുക്കാറുള്ളത്.