ശ്രീലങ്കന്‍ പാര്‍ലമെന്റ് മരവിപ്പിച്ച തീരുമാനം പ്രസിഡന്റ് റദ്ദാക്കി 

പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെയെ അട്ടിമറിച്ച് മുന്‍ പ്രസിഡണ്ട് മഹീന്ദ്ര രജപക്സെയെ നിയമിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കണമെന്ന് സമ്മര്‍ദമുയര്‍ന്നതോടെയാണ് തീരുമാനം.

Update: 2018-11-02 02:33 GMT

ശ്രീലങ്കന്‍ പാര്‍ലമെന്റ് നടപടികള്‍ മരവിപ്പിച്ച തീരുമാനം പ്രസിഡണ്ട് മൈത്രിപാല സിരിസേന റദ്ദാക്കി. പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗയെ അട്ടിമറിച്ച് മുന്‍ പ്രസിഡണ്ട് മഹീന്ദ്ര രജപക്സെയെ നിയമിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കണമെന്ന് സമ്മര്‍ദമുയര്‍ന്ന തോടെയാണ് തീരുമാനം. രജപക്സെയെ നിയമിച്ചതിനെ തുടര്‍‌ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദമുയര്‍ന്നു. ഇതോടെയാണ് നവംബര്‍ 16വരെ പാര്‍ലമെന്റ് നടപടികള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം സിരിസേനയും സ്പീക്കര്‍ കാരു ജയസൂര്യയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ സിരിസേന അനുമതി നല്‍കിയതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ പ്രസിഡണ്ടിന്റെ ഓഫീസില്‍ നിന്ന് ഇങ്ങനെ ഒരു അറിയിപ്പുണ്ടായിട്ടില്ല. തീരുമാനത്തെ വിക്രമസിംഗെ സ്വാഗതം ചെയ്തു. ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ച് പ്രധാനമന്ത്രിയായി തുടരുമെന്നും വിക്രമസിംഗെ പറഞ്ഞു. പ്രസിഡണ്ട് പുറത്താക്കിയിട്ടും അധികാരമൊഴി യാന്‍ അദ്ദേഹം തയാറായിരുന്നില്ല.

തീരുമാനം റദ്ദാക്കിയതോടെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് വിലയിരുത്തല്‍. അതേസമയം തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും അത് തെളിയിക്കുമെന്നും രജപക്സെയുടെ മകനും എം.പിയുമായ നമല്‍ രജപക്സെ പറഞ്ഞു. 225 അംഗ പാര്‍ലമെന്റില്‍ വിക്രമസിംഗെയുടെ യുനൈറ്റ‍ഡ് നാഷണല്‍ പാര്‍ട്ടിക്ക് 106ഉം രജപക്സ-സിരിസേന സഖ്യത്തിന് 95ഉം എം.പിമാരാണ് ഉള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍‌ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Tags:    

Similar News