യു.എസില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം മാത്രം 7100ലധികം വംശീയാതിക്രമങ്ങള്‍ അമേരിക്കയിലുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2018-11-15 05:20 GMT

യു.എസില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 7100ലധികം വംശീയാതിക്രമങ്ങള്‍ അമേരിക്കയിലുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എഫ്.ബി.ഐ പുറത്തുവിട്ട 2017ലെ ക്രൈം സ്റ്റാറ്റിസ്റ്റിക്സിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

രാജ്യത്തെ വംശീയാതിക്രമങ്ങളുടെ എണ്ണത്തില്‍ 2016നെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2017ല്‍ ഉണ്ടായിരിക്കുന്നത്. 2016ല്‍ ഇത്തരത്തിലുള്ള 6121 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എങ്കില്‍ 2017ല്‍ ഇത് 7175 ആയി ഉയര്‍ന്നു. ജൂത വിഭാഗങ്ങള്‍ക്കെതിരെ മാത്രം കഴിഞ്ഞ വര്‍ഷം 1648 ആക്രമണങ്ങളുണ്ടായതായി എഫ്.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertising
Advertising

മുസ്‍ലിംകള്‍ക്കെതിരെ 300ലേറെ വംശീയ ആക്രമങ്ങളാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. 24 സിഖ് വിരുദ്ധ ആക്രമണങ്ങളുണ്ടായി. ബുദ്ധമത വിശ്വാസികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമിക്കപ്പെട്ടവരില്‍ 59 ശതമാനവും വംശീയതയുടെ പേരിലാണ് ആക്രമണത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മതത്തിന്റെ പേരിലാണ് 21 ശതമാനം ആളുകള്‍ ആക്രമിക്കപ്പെട്ടത്. ഇതിനിടയില്‍ 24 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. 15 പേര്‍ കൊല്ലപ്പെട്ടുവെന്നും എഫ്.ബി.ഐ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ശ്രീനിവാസ് കുച്ച്ബോട്ട്ലയുടെ മരണവും വംശീയാക്രമണത്തിന്റെ ഭാഗമായിരുന്നു. അക്രമകാരികളില്‍ 51 ശതമാനവും വെളുത്ത വര്‍ഗക്കാരാണ്. 21 ശതമാനം ആഫ്രിക്കന്‍ അമേരിക്കക്കാരും.

Tags:    

Similar News