ഫ്രാന്‍സില്‍‌ മക്രോണിന്റെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു

കനത്ത സുരക്ഷാ വലയത്തിലാണ് പാരീസ് നഗരവും ഫ്രാന്‍സിലെ മറ്റ് പ്രധാന നഗരങ്ങളും. 65000 പൊലീസുകാരെയാണ് ഫ്രാന്‍സിലുടനീളം വിന്യസിച്ചിരിക്കുന്നത്.

Update: 2018-12-07 02:52 GMT

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. ശനിയാഴ്ച പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍ എന്നറിയപ്പെടുന്ന സമരക്കാര്‍.

ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. രാജ്യമാകെ കത്തിജ്വലിച്ച സമരങ്ങള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ മറ്റ് സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്കും എതിരെയും ജനരോഷം പൊട്ടിപുറപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

Advertising
Advertising

കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. കാറുകള്‍ക്കും ചവറ്റുകൊട്ടകള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീയിട്ടു. പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മഞ്ഞകുപ്പായക്കാരുടെ സമരങ്ങള്‍ക്കു സമാനമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും.

അതേസമയം മാക്രോണിന്റെ പരിഷ്കാരങ്ങള്‍ക്കെതിരെ ശനിയാഴ്ച വന്‍ പ്രതിഷേധറാലി സംഘടിപ്പുക്കുമെന്ന് മഞ്ഞകുപ്പായക്കാര്‍ എന്ന പ്രതിഷേധ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി കനത്ത സുരക്ഷാ വലയത്തിലാണ് പാരീസ് നഗരവും ഫ്രാന്‍സിലെ മറ്റ് പ്രധാന നഗരങ്ങളും. 65000 പൊലീസുകാരെയാണ് ഫ്രാന്‍സിലുടനീളം വിന്യസിച്ചിരിക്കുന്നത്. സമരങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News