ഫ്രാന്‍സിനെ പിടിച്ചുകുലുക്കി മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം
ഇന്ധന നികുതി പിന്‍വലിച്ചത് പോലെ മറ്റ് മേഖലകളിലെ കൂടിയ നികുതികളും പിന്‍വലിക്കണമെന്നും തൊഴില്‍ വേതനം വര്‍ധിപ്പിക്കണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
ഫ്രാന്‍സില്‍ മാക്രോണ്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ആളിക്കത്തുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാന്‍ ഒരുലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ തൊഴിലാളികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
ഇന്ധന നികുതി പിന്‍വലിച്ചത് പോലെ മറ്റ് മേഖലകളിലെ കൂടിയ നികുതികളും പിന്‍വലിക്കണമെന്നും തൊഴില്‍ വേതനം വര്‍ധിപ്പിക്കണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. പ്രതിഷേധം തുടങ്ങി മൂന്നാഴ്ച തികഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തെരുവുകള്‍ എത്തിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ആവശ്യവും ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
ഈഫല്‍ ടവറടക്കമുള്ള പ്രധാന സ്ഥലങ്ങളും കടകളും അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പാരീസ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ അറിയിച്ചു.
ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന സംവാദത്തിന് തയ്യാറെന്ന് അറിയിച്ചത്. എന്നാല്‍ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വരും ദിവസങ്ങളിലും പ്രക്ഷോഭം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.