പ്രസിഡന്റ് പുറത്താക്കിയ റനില്‍ വിക്രമസിംഗെക്ക് വിശ്വാസവോട്ടെടുപ്പില്‍ വിജയം
225 അംഗ പാര്‍ലമെന്റില്‍ 117 അംഗങ്ങളുടെ പിന്തുണയിലാണ് വിക്രമസിംഗെ ഭൂരിപക്ഷം തെളിയിച്ചത്.
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പുതിയ വഴിത്തിരിവ്. പ്രസിഡന്റ് പുറത്താക്കിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്ക് പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയം. പ്രസിഡന്റ് മൈത്രിപാല സിരിസേനക്കും അദ്ദേഹം പ്രധാനമന്ത്രിയായി പ്രഖ്യപിച്ച മഹിന്ദ രാജപക്‌സേക്കും തിരിച്ചടി.
225 അംഗ പാര്‍ലമെന്റില്‍ 117 അംഗങ്ങളുടെ പിന്തുണയിലാണ് വിക്രമസിംഗെ ഭൂരിപക്ഷം തെളിയിച്ചത്. സിരിസേനയേയും രാജപക്‌സയേയും പിന്തുണക്കുന്നവര്‍ നേരത്തെ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. ഇവരുടെ അഭാവത്തിലാണ് വിശ്വാസ വോട്ടെടുപ്പ് അരങ്ങേറിയത്. തമിഴ് ദേശീയ സഖ്യ വിക്രമസിംഗക്ക് അനുകൂലമയി വോട്ട് ചെയ്തു. സിരിസേനയുടെ ഭരണഘടനാവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് 6 ജെ.വി.പി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
അതേസമയം ഒരു കാരണവശാലും പാര്‍ലമെന്റ് നടപടി അംഗീകരിക്കില്ലെന്ന ഉറച്ച നിലപടിലാണ് സിരിസേന. ഒക്ടോബര്‍ 26നാണ് വിക്രമസിംഗയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചത്. പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. എന്നാല്‍ പ്രസിഡന്റിന്റെ ഈ രണ്ടു നടപടിയും സുപ്രീം കോടതി റദ്ദ് ചെയ്തു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള രാജപക്‌സെയുടെ ശ്രമങ്ങള്‍ പരജയപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിക്രമസിംഗെ പര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചത്. അതിനിടെ രാജപക്‌സെ പ്രധാനമന്ത്രിയായി തുടരുന്നതിന് 122 എം.പിമാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് അപ്പീല്‍ കോടതി ജനുവരി 16ലേക്ക് മാറ്റി. നേരത്തെ ഡിസംബര്‍ മൂന്നിന് രാജപക്‌സെ പ്രധാനമന്ത്രിയായി തുടുന്നത് വിലക്കി കോടതി ഉത്തരവിട്ടിരുന്നു.