അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ നയിക്കാനില്ലെന്ന് തെരേസെ മെയ്
എന്നാല്‍ ബ്രെക്സിറ്റിന് ശേഷം സ്ഥാനം ഒഴിയുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ നയിക്കാനില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസെ മെയ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതിന് പിന്നാലെയാണ് മെയ് നിലപാട് വ്യക്തമാക്കിയത്. 2022ലാണ് ബ്രിട്ടനില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുക.
യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസൽസിൽ എത്തിയപ്പോഴായിരുന്നു അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് വ്യക്തമാക്കിയത്. പകരം മറ്റൊരാളായിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്നും മെയ് പറഞ്ഞു.
എന്നാല്‍ ബ്രെക്സിറ്റിന് ശേഷം സ്ഥാനം ഒഴിയുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. കഴിഞ്ഞ ദിവസം മെയുടെ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൊണ്ട് വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു.
117നെതിരെ 200 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. എന്നാല്‍ ജനുവരിയില്‍ ബ്രക്സിറ്റ് കരാര്‍ നടപ്പാക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി തേടണമെന്നത് മെയ്ക്ക് മുന്നില്‍ വെല്ലുവിളിയാണ്.
അതിനിടെ നവംബറില്‍ അംഗീകരിച്ച കരാറില്‍ ഇളവ് വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മെയ് ആവശ്യപ്പെട്ടേക്കും. എന്നാല്‍ കരാറില്‍ ഇനിയൊരു മാറ്റത്തിന് തയ്യാറല്ലെന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍.