ഹുദൈദയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആദ്യ ഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി
യമനിലേക്ക് 70 ശതമാനം ചരക്കെത്തുന്ന ഹുദൈദ മോചിപ്പിക്കാന്‍ സഖ്യസേനയും സര്‍ക്കാറും ശ്രമം തുടരുന്നതിനിടെയാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപനം
യമനില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന അവസാന മേഖലയായ ഹുദൈദയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആദ്യ ഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയാക്കി. ഹൂതികളുടെ കൈവശമുള്ള സന്‍ആ വിമാനത്താവളം തുറക്കാനും തീരുമാനിച്ചു. യു.എന്‍ മധ്യസ്ഥതയിലുള്ള രാഷ്ട്രീയ പരിഹാര ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിന് ഉടന്‍ തുടക്കമാകും.
യമന്‍ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നതിന്റെ പ്രഖ്യാപനം കൂടിയാണ് വെടിനിര്‍ത്തല്‍ തീരുമാനം. യമനില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രധാന മേഖല ഹുദൈദയാണ്. യമനിലേക്ക് 70 ശതമാനം ചരക്കുമെത്തുന്ന ഹുദൈദ മോചിപ്പിക്കാന്‍ സഖ്യസേനയും സര്‍ക്കാറും ശ്രമം തുടരുന്നതിനിടെയാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപനം. ഇതോടെ യുദ്ധഭീതിയൊഴിഞ്ഞിരിക്കുകയാണ് യമനില്‍.
ഇന്നൊരു കരാറില്‍ എത്തിയിട്ടുണ്ട്. ഹുദൈദയില്‍ വെടി നിര്‍ത്തും. സൈന്യത്തെ എല്ലാ കൂട്ടരും പിന്‍വലിക്കും. മാനുഷിക പ്രയാസങ്ങള്‍ നീക്കാന്‍ യുഎന്‍ നേതൃത്വം നല്‍കുമെന്നും യു.എന്‍ പറയുന്നു.
ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആയിലേക്കുള്ള വിമാനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏദനിലെത്തി പരിശോധന പൂര്‍ത്തിയാക്കും. ഇതോടെ സുപ്രധാന വിഷയങ്ങളിലെ ചര്‍ച്ച വിജയകരമായിരിക്കുകയാണ്. ഇനിയുള്ളത് രാഷ്ട്രീയ പരിഹാര ചര്‍ച്ചകളാണ്. അത് വരും ദിവസങ്ങളില്‍ തുടരും.