ട്രംപിനെ ‘കുരുക്കി’ ഓക്സ്ഫര്‍ഡ് സര്‍വകലാശാല
2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സാധൂകരിക്കുന്നതാണ് ഓക്സ്ഫര്‍ഡ് സര്‍വകലാശാല തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട്.
ഡൊണാള്‍ഡ് ട്രംപിനെ പ്രതിരോധത്തിലാക്കി ഓക്സ്ഫര്‍ഡ് സര്‍വകലാശാലയുടെ പുതിയ റിപ്പോര്‍ട്ട്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ട്രംപിന് വേണ്ടി സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍. സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് പുറത്തെത്തിച്ചത് വാഷിങ്ടണ്‍ പോസ്റ്റാണ്.
2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സാധൂകരിക്കുന്നതാണ് ഓക്സ്ഫര്‍ഡ് സര്‍വകലാശാല തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫര്‍ഡിന്‍റെ ഉപ വിഭാഗമായ നെറ്റ് വര്‍ക്ക് അനാലിസിസ് കമ്പനിയായ ഗ്രാഫികയുടെ അന്വേഷണമാണ് റിപ്പോര്‍ട്ടിന് ആധാരം. പത്ത് ഒരു കോടി ട്വീറ്റുകളും, ഒരുലക്ഷത്തി പതിനാറായിരം ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും അറുപത്തിയൊന്നായിരം ഫേസ് ബുക്ക് പോസ്റ്റുകളും, ആയിരത്തിലധികം വീഡിയോകളും റിപ്പോര്‍ട്ടിനായി കമ്പനി പരിശോധിച്ചു.
റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള ഇന്‍റര്‍നെറ്റ് കമ്പനി ഇന്‍റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയുടെ വീഡിയോകളാണ് കൂടുതലും പരിശോധിച്ചത്. റഷ്യന്‍ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടെന്ന് വാഷിങ് ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത് വന്നതോടെ അമേരിക്കയില്‍ പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ശക്തമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും മുഖ്യ എതിരാളിയുമായ ഹിലരി ക്ലിന്‍റന്‍ തന്നെ ആരോപണവുമായി തെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു. ആരോപണങ്ങളെ മുഴുവന്‍ തള്ളുന്ന സമീപനമായിരുന്നു ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും സ്വീകരിച്ച് പോന്നത്.