ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
നിരവധി അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട ബെന്ന്യാമിന്‍ നെതന്യാഹുവിന് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്
ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാന മന്ത്രി ബെന്ന്യാമിന്‍ നെതന്യാഹുവിനെതിരെ അഴിമതി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനാല്‍ വോട്ടര്‍മാര്‍ പിന്തുണക്കണമെന്നും നെതന്യാഹു തിങ്കളാഴ്ച പറഞ്ഞിരുന്നു.
നിരവധി അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട ബെന്ന്യാമിന്‍ നെതന്യാഹുവിന് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതേസമയം നെതന്യാഹുവിനെതിരെ അഴിമതികുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പൊലീസ് രംഗത്ത് വന്നിരുന്നു.18 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറ്റോര്‍ണി ജനറലിന് സമ്മര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടേത് അറ്റോര്‍ണി ജനറലാണ്.
രാഷ്ട്രീയ സഹായം നല്‍കാമെന്ന പേരില്‍ വ്യാപാരികളില്‍ നിന്ന് പണം വാങ്ങിയെന്നും, രാജ്യത്തെ പ്രമുഖ പത്രവുമായി ധാരണയുണ്ടാക്കിയെന്നുമാണ് നെതന്യാഹുവിനെതിരെ പൊലീസ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം നെതന്യാഹു തള്ളികളഞ്ഞു. തന്നെ രാഷ്ട്രീയമായി തകര്‍ക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നുവെന്നാണ് നെതന്യാഹു പറയുന്നത്.
ഇനിയും താന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്.