അഫ്ഗാനിസ്ഥാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 30 മരണം  

60 മീറ്റര്‍ ആഴമുള്ള ഖനിയുടെ മുകള്‍ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. താഴ്ഭാഗത്ത് ഖനനം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് മരിച്ചത്. 

Update: 2019-01-07 02:39 GMT
Advertising

അഫ്ഗാനിസ്ഥാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 30 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ പ്രവിശ്യയിലാണ് അപകടം. 60 മീറ്റര്‍ ആഴമുള്ള ഖനിയുടെ മുകള്‍ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. താഴ്ഭാഗത്ത് ഖനനം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് മരിച്ചത്. എന്താണ് ഖനിയുടെ മുകള്‍ഭാഗം ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് വ്യക്തമല്ല. ഖനിയിലെ തൊഴിലാളികള്‍ പ്രാവീണ്യമുള്ളവരായിരുന്നില്ലെന്ന് പ്രവിശ്യ ഗവര്‍ണര്‍ പറഞ്ഞു.

പ്രദേശവാസികള്‍ പതിറ്റാണ്ടുകളായി ഇവിടെ ഖനനം തുടരുകയാണെന്നും സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രക്ഷാ സംഘം അവിടെയെത്തിയപ്പോഴേക്കും പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ പുറത്തേക്കെടുക്കാന്‍ തുടങ്ങിയിരുന്നു. സ്വര്‍ണമടക്കമുള്ള ധാതുക്കളുടെ വിശാലമായ ഖനികളാണ് അഫ്ഗാനിലുള്ളത്. എന്നാല്‍ മിക്കതും സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തവയാണ്.

അഫ്ഗാനിസ്ഥാനിലെ മിക്ക ഖനികളുടെയും നിയന്ത്രണം സര്‍ക്കാരിന് നഷ്ടമായിട്ടുണ്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലും. താലിബാന്‍ അതിന്റെ സാമ്പത്തിക സ്രോതസ്സായി ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

Tags:    

Similar News