സുഡാനില്‍ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു.
സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. പ്രസിഡന്റിനെതിരായ പ്രതിഷേധം രണ്ടാഴ്ചയോട് അടുക്കുമ്പോള്‍ മുപ്പതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രഡ് ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് മുഖ്യ കാരണം.
കഴിഞ്ഞ മാസം ഡിസംബര്‍ 19 മുതല്‍ ജനം തെരുവിലിറങ്ങി തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രസിഡന്റിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ തളര്‍ച്ചയുമെല്ലാം നിലനില്‍ക്കെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ജനത്തെ വലച്ചു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇവരെ സുരക്ഷാ സേന തടയുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സേനയിലെ രണ്ട് പേര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടുവെന്ന് സുഡാന്‍ സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ഇത് 37 ആയി എന്നാണ്.