സിറിയയില്‍ നിന്ന് ഇറാനെയും ഭീകര സംഘടനകളെയും പൂര്‍ണമായും പുറത്താക്കുമെന്ന് അമേരിക്ക
ഈജിപ്ത് സന്ദര്‍ശന വേളയില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സിറിയയില്‍ നിന്ന് ഇറാനെയും ഐ.എസ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകളെയും പൂര്‍ണമായും പുറത്താക്കുമെന്ന് അമേരിക്ക. ഈജിപ്ത് സന്ദര്‍ശന വേളയില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിന് മുന്നെ ഇക്കാര്യം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ പശ്ചിമേഷ്യന്‍ നയത്തെയും പോംപിയോ വിമര്‍ശിച്ചു. സിറിയയില്‍ നിന്നുമുള്ള അമേരിക്കന്‍ സേനാ പിന്‍മാറ്റം വിശദീകരിക്കുന്നതിനിടെയാണ് ഇറാനെതിരെയും ഭീകര സംഘടനകള്‍ക്കെതിരെയും മൈക്ക് പോംപിയോ ആഞ്ഞടിച്ചത്.
സിറിയന്‍ മണ്ണില്‍ നിന്ന് അവസാന ഇറാന്‍ കാരനെയും സഖ്യകക്ഷികളുമായി ചേര്‍ന്ന് പുറത്താക്കും. പ്രസിഡണ്ട് ബശാര്‍ അല്‍ അസദിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും നല്‍കില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള നയം രൂപീകരിക്കുന്നതില്‍ മുന്‍ പ്രസിഡണ്ട് ബറാക് ഒബാമക്ക് വലിയ പിഴവുകള്‍ സംഭവിച്ചെന്നും പോംപിയോ കുറ്റപ്പെടുത്തി. ഒബാമയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.
30 ദിവസത്തിനുളളില്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലി ലിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ നിന്നും ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനം ശക്തമായതോടെ ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മൈക്ക്പോംപിയോ പശ്ചിമേഷ്യന്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്.