കൊളംബിയയില്‍ പൊലീസ് അക്കാദമിയില്‍ സ്ഫോടനം: 9 പേര്‍ കൊല്ലപ്പെട്ടു

പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്.

Update: 2019-01-18 05:19 GMT

കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലെ പൊലീസ് അക്കാദമിയില്‍ കാര്‍ ബോംബ് സ്ഫോടനം. 9 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന ഇടത് റിബലുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരപ്രദേശത്തുള്ള കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തകര്‍ന്നു. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കാര്‍ അക്കാദമി മൈതാനത്ത് പ്രവേശിക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 9 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥരാണോ പരിസരവാസികളാണോ എന്നത് പൊലീസ് പുറത്തുവിട്ടില്ല. 20തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ ആംബുലന്‍സും പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു. ഹെലികോപ്റ്റര്‍ മാര്‍ഗം സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ രക്ഷപ്പെടുത്തി. സ്ഫോടനം നടന്ന പ്രദേശം കൊളംബിയ പ്രസിഡന്റ് ഇവാന്‍ ഡുക്യൂ സന്ദര്‍ശിച്ചു. രാജ്യത്തെ പൊലീസിനെതിരെ നടക്കുന്ന ഭീകരാക്രമങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പ്രസിഡന്റ് പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News