ഇസ്രായേല്‍ കുടിയേറ്റക്കാരന്റെ വെടിയേറ്റ് ഫലസ്തീനില്‍ യുവാവ് കൊല്ലപ്പെട്ടു
അതേസമയം ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ സുരക്ഷിയിലാണ് അക്രമികളെത്തിയതെന്ന് രാമല്ല ഗവര്‍ണര്‍ ലൈല ഗന്നം പറഞ്ഞു.
ഇസ്രായേല്‍ കുടിയേറ്റക്കാരന്റെ വെടിയേറ്റ് ഫലസ്തീനില്‍ യുവാവ് കൊല്ലപ്പെട്ടു. ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ശനിയാഴ്ചയാണ് സംഭവം. ഫലസ്തീന്‍ ഗ്രാമത്തിലെത്തിയ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിലെ രാമല്ലക്ക് സമീപമാണ് സംഭവം. അല്‍ മുഗയര്‍ ഗ്രാമത്തില്‍ പ്രവേശിച്ച് ടെന്റുകള്‍ സ്ഥാപിക്കാനൊരുങ്ങിയ കുടിയേറ്റക്കാരെ പ്രദേശവാസികള്‍ തടഞ്ഞു. ഈ സമയം കുടിയേറ്റക്കാരിലൊരാള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 38കാരന്‍ കൊല്ലപ്പെട്ടതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊലപാതകം സ്ഥിരീകരിച്ച ഇസ്രായേല്‍ സൈന്യം സംഭവം ദൌര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചു. അതേസമയം ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ സുരക്ഷിയിലാണ് അക്രമികളെത്തിയതെന്ന് രാമല്ല ഗവര്‍ണര്‍ ലൈല ഗന്നം പറഞ്ഞു. ഇസ്രായേല്‍ തെരഞ്ഞടുപ്പ് നേട്ടത്തിനായി സാധാരണ ഫലസ്തീനികളുടെ ജീവനെടുക്കുകയാണ് അക്രമികള്‍.
അനധികൃത കുടിയേറ്റത്തെ ചൊല്ലി കഴിഞ്ഞ ദിവസവും പ്രദേശത്ത് സംഘര്‍ഷങ്ങളുണ്ടായിരുന്നു. മേഖലയിലെ കുടിയേറ്റം അനധികൃതമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയതിന് ശേഷവും മേഖലയില്‍ ഇസ്രായേല്‍ കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാമം പുരോഗമിക്കുകയാണ്.