ഇസ്രായേലിനെതിരായ പ്രമേയം വീണ്ടും വീറ്റോ ചെയ്ത് അമേരിക്ക

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്ന് നിരീക്ഷകരെ പുറത്താക്കാനുളള ഇസ്രായേല്‍ നീക്കത്തിനെതിരായ പ്രമേയമാണ് വീറ്റോ ചെയ്തത്

Update: 2019-02-08 02:57 GMT

ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരായ പ്രമേയം വീറ്റോ ചെയ്ത് വീണ്ടും അമേരിക്ക. ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് അന്താരാഷ്ട്ര നിരീക്ഷകരെ പുറത്താക്കാനുളള ഇസ്രായേല്‍ നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനായിരുന്നു ഫലസ്തീന്‍ അനുകൂല രാഷ്ട്രങ്ങളുടെ നീക്കം. അമേരിക്ക വീറ്റോ ചെയ്തതോടെ നീക്കം പരാജയപ്പെട്ടു.

ഐക്യരാഷ്ട്രസഭയിലെ ഇന്തോനേഷ്യ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് ഇസ്രായേലിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ നിന്ന് നിരീക്ഷകരെ പുറത്താക്കാനുളള ഇസ്രായേല്‍ നീക്കത്തിനെതിരെയായിരുന്നു പ്രമേയം.

Advertising
Advertising

നിരീക്ഷക സംഘത്തെ ഒഴിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തദ്ദേശവാസികളായ ഫലസ്തീനികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ പുറത്തെത്തിക്കുന്നതിലുള്ള അമര്‍ശമാണ് നീക്കത്തിനു പിന്നിലെന്നാണ് സൂചന.

രണ്ടായിരത്തോളം ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഹെബ്രോണില്‍ 600 ജൂത കുടിയേറ്റ ഭവനങ്ങളാണുള്ളത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ കുടിയേറ്റക്കാരുടെ അതിക്രമങ്ങളില്‍ അടുത്തിടെ വര്‍ധനവുണ്ടായിട്ടുള്ളതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

നിരീക്ഷകരെ പുറത്താക്കുന്നതോടെ അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് നീക്കത്തിനെതിരെ പ്രമേയമവതരിപ്പിക്കാന്‍ ഫലസ്തീന്‍ അനുകൂല രാഷ്ട്രങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, ഏകപക്ഷീയമായി ഇസ്രായേലിനെ ആക്രമിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് നീക്കം അമേരിക്ക പരാജയപ്പെടുത്തുകയായിരുന്നു. യു.എൻ കാലങ്ങളായി ഇസ്രായേൽ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും യു.എസ് ആരോപിച്ചു. ഇതിനു മുമ്പും ഇസ്രേയേലിനെതിരെ പ്രമേയമവതരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം അമേരിക്ക പരാജയപ്പെടുത്തിയിരുന്നു.

Tags:    

Similar News