ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയത് യുദ്ധകുറ്റമെന്ന് യു.എന്‍ കമ്മീഷന്‍

ഫലസ്തീന്‍ ജനതയുടെ പ്രതിഷേധം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന ഇസ്രായേല്‍ വാദവും കമ്മീഷന്‍ തള്ളി

Update: 2019-03-01 03:02 GMT

ഗസ്സ മുനമ്പില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റമെന്ന് ഐക്യരാഷ്ട്ര സഭ. 2018ല്‍ നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് ഇസ്രായേല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.

2018 മാര്‍ച്ച് 30 മുതല്‍ ഡിസംബര്‍ 31 വരെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ കുറിച്ചാണ് സാന്റിയാഗോ കാന്‍ടണ്‍ അധ്യക്ഷനായ യു.എന്നിന്റെ സ്വതന്ത്ര കമ്മീഷന്‍ അന്വേഷണം നടത്തിയത്. ആക്രമണത്തില്‍ 189 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

കുട്ടികളേയും ആരോഗ്യ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും മനപ്പൂര്‍വം ആക്രമിച്ചുവെന്നതിന് തെളിവുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തെ യുദ്ധക്കുറ്റമായി കാണണമെന്നും കമ്മീഷന്‍ പറയുന്നു.

Advertising
Advertising

ആറായിരത്തിലധികം നിരായുധരായ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു. ആഴ്ചകളോളം ആക്രമണം തുടര്‍ന്നു. പ്രതിഷേധങ്ങളിലൊന്നും പങ്കെടുക്കാത്തവരെ പോലും ഇസ്രായേല്‍ സൈന്യം വെറുതെ വിട്ടില്ല. ഫലസ്തീന്‍ ജനതയുടെ പ്രതിഷേധം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന ഇസ്രായേല്‍ വാദവും കമ്മീഷന്‍ തള്ളി.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതായിരുന്നു പ്രതിഷേധമെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 325 ഓളം ഇരകളുമായി അഭിമുഖം നടത്തിയും ദൃക്സാക്ഷികളില്‍ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് യു.എന്‍ മനുഷ്യാവകാശ കൌണ്‍സില്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവ സമയത്തെ ഡ്രോണ്‍ ദൃശ്യങ്ങളും കമ്മീഷന്‍ പരിശോധിച്ചിരുന്നു.

Tags:    

Similar News