സൈന്യത്തിന് നേരെ കാര്‍ ഇടിച്ച് കയറ്റിയെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി
അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്...
സൈന്യത്തിന് നേരെ കാര്‍ ഇടിച്ച് കയറ്റിയെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു. ആക്രമണത്തില്‍ രണ്ട് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരെ ഫലസ്തീനികള്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ ആരോപണം. ഉടന്‍ തന്നെ വാഹനത്തിലുണ്ടായിരുന്ന രണ്ട് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. സൈന്യത്തിന്റെ വെടിയേറ്റ് മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഫലസ്തീനികള്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഫലസ്തീനികള്‍ക്ക് തക്കതായ മറുപടി നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1967 അറബ്-ഇസ്രയേല്‍ യുദ്ധാനന്തരം ഇസ്രായേല്‍ കയ്യടക്കിയ പ്രദേശമാണ് വെസ്റ്റ് ബാങ്ക്.